ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കാവിവത്ക്കരണം വിപുലീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഉത്തര്‍പ്രദേശിലെ ഭരണസിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും യോഗി കാവി നിറം പൂശി.
ലഖ്‌നൗവിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി ഭവന്റെ മതിലുതൊട്ട് പുറത്തെ ചുമരിനും ടെറസ്സിനുമെല്ലാം വെള്ളയും കാവിയും ഇടകലര്‍ന്ന നിറമാണ് നല്‍കിയിരിക്കുന്നത്.
കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് മുഖ്യമന്ത്രി യോഗിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസിനുള്ളിലെ മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിന് ഇട്ട ടൗവ്വലിന്‍െയും മേശവിരിയുടെയും വരെ നിറം കാവിയാണ്.
ഭരണത്തിലേറി അധികം താമസിയാതെ തന്റെ കസേര വിരിയുടെ നിറവും കാര്‍ സീറ്റിന്റെ കവറിന്റെ നിറവും കാവിയാക്കി മാറ്റിക്കൊണ്ടാണ് ഉത്തര്‍പ്രദേശില്‍ നിറം മാറ്റത്തിന് യോഗി ആദിത്യനാഥ് തുടക്കമിട്ടത്.
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ സര്‍ക്കാര്‍ ബുക്കലെറ്റുകള്‍ക്കും മറ്റും തങ്ങളുടെ പ്രിയപ്പെട്ട നിറം നല്‍കിയപ്പോള്‍ ശാസ്ത്രി ഭവനെ ഇതില്‍ നിന്നെല്ലാം ഒഴിച്ചു നിര്‍ത്തിയിരുന്നു.
എന്നാല്‍, പല നിറങ്ങളും പരിഗണിച്ചിരുന്നെങ്കിലും കാവിയാണ് എല്ലാവരും ഏകകണ്ഠമായി തിരഞ്ഞെടുത്തതെന്ന് സംസ്ഥാന പ്രോപ്പര്‍ട്ടി ഓഫീസര്‍ അറിയിച്ചു.
നേരത്തെ, വിദ്യാഭ്യാസ വകുപ്പ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രം പതിപ്പിച്ച സ്‌കൂള്‍ ബാഗുകള്‍ മാറ്റി പകരം കാവി നിറമുള്ള ബാഗുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഓഗസ്റ്റ് 29ന് സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പോലും കാവി നിറമായിരുന്നു. അവാര്‍ഡ് ജേതാക്കളെ വിവരിച്ചു കൊണ്ടുള്ള ബുക്കലെറ്റും സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തീകരിച്ചപ്പോഴും ആറുമാസം പൂര്‍ത്തീകരിച്ചപ്പോഴും പുറത്തിറക്കിയ ബുക്ക്‌ലെറ്റും കാവി നിറത്തിലായിരുന്നു.
മാത്രമല്ല, ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറും വിലാസവും ഉള്‍ക്കൊള്ളിച്ച ഡയറിയ്ക്ക് നല്‍കിയ നിറവും കാവിയായിരുന്നു. എസ് പി സര്‍ക്കാരിന്റെ കാലത്ത് ചുവന്ന നിറവും മായാവതിയുടെ കാലത്ത് നീല നിറവും ഉണ്ടായിരുന്ന ഡയറിയാണ് കാവിയിലേക്ക് ചുവടു മാറിയത്.
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഐഡികാര്‍ഡിന്റെ നീല സ്ട്രാപ്പു വരെ യോഗി ആദിത്യനാഥ് ഭരണത്തിലേറിയ ശേഷം കാവിയാക്കി മാറ്റിയെന്നതാണ് അതിശയകരം.