രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മര്‍ദ്ദ തന്ത്രം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തതില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്ന് പറഞ്ഞ അദ്ദേഹം താന്‍ ഒപ്പിടാതെ വച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും പറഞ്ഞു. രാജ്ഭവന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ്. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മര്‍ദ്ദ തന്ത്രമാണെന്നും അക്രമത്തിന്റെ ഭാഷയാണെന്നും ഗവര്‍ണര്‍ ചൂണ്ടികാണിച്ചു.

അതേസമയം, ഗവര്‍ണര്‍ സംസാരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റിനെ പോലെയെന്നായിരുന്നു ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചത്. കേരള സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെങ്കില്‍ സി എ ജി കണ്ടുപിടിക്കട്ടെയെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി ഇന്നലെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എല്ലാത്തിനും ഒരു അതിരുണ്ടെന്നും എന്നാല്‍ എല്ലാ അതിരുകളും ലംഘിക്കുന്ന നിലയിലാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും വിമര്‍ശിച്ച മുഖ്യമന്ത്രി, ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ബില്ലില്‍ പോലും ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ കര്‍ഷകരെ കൂട്ടി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും പറഞ്ഞിരുന്നു. കൂട്ടിക്കല്‍ പ്രളയബാധിതര്‍ക്കായി സി പി എം നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

അതിഥികള്‍ക്കായുള്ള ചെലവുകള്‍ 20 ഇരട്ടി കൂട്ടണം. വിനോദ ചെലവുകള്‍ 36 ഇരട്ടിയാക്കണം. ഓഫീസ് ചെലവുകള്‍ 6.25 ഇരട്ടി കൂട്ടണം. ഓഫീസ് ഫര്‍ണിച്ചറുകളുടെ നവീകരണ ചെലവില്‍ രണ്ടര ഇരട്ടി വര്‍ധന വേണം. കോണ്‍ട്രാക്ട് അലവന്‍സ് ഏഴ് ഇരട്ടിയും ടൂര്‍ ചെവല് ആറര ഇരട്ടിയും കൂട്ടണമെന്നും രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള മാനദണ്ഡപ്രകാരമാണ് ഗവര്‍ണറുടെ ഈ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് ഈ ആറിനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കേണ്ട തുക പരവാവധി 32 ലക്ഷം രൂപയാണ്. കഴിഞ്ഞ 10 വര്‍ഷമായി രാജ്ഭവന്‍ ആകെ ചെലവാക്കിയത് 03 കോടി രൂപയായിരുന്നു. ഇതിന്റെ ശരാശരി കണക്കാക്കിയാണ് ബജറ്റില്‍ വാര്‍ഷിക ചെലവായി 30 ലക്ഷം രൂപ വകയിരുത്തുന്നത്. ഇതില്‍ കുടുതല്‍ വരുന്ന തുക അധിക വകയിരുത്തലായോ, പുനഃക്രമീകരണം വഴിയോ ലഭ്യമാക്കുകയാണ് പതിവ്. രാജ്ഭവന്‍ അധികമായി ആവശ്യപ്പെട്ട 59 ലക്ഷം സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി രാജ്ഭവന്‍ രംഗത്ത് വന്നത്. ഇതിനു പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴെല്ലാം സര്‍ക്കാര്‍ ചെലവ് നിയന്ത്രിക്കാതെ പണം ധൂര്‍ത്തഴിക്കുന്നുവെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.

Top