തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ചിലവില്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ ഇടപെടാനൊരുങ്ങി സിപിഎം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുന്തനിവാരണ ഫണ്ട് അനുവദിച്ച സംഭവത്തില്‍ റവന്യൂ സെക്രട്ടറി പി എച്ച് കുര്യനോട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വിശദീകരണം തേടിയിരുന്നു.
ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നല്‍കണമെന്ന് റവന്യൂ സെക്രട്ടറിയെ മന്ത്രി അറിയിച്ചു.
തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും, അവിടെ നിന്നും സമ്മേളനത്തിലേക്കുമുള്ള യാത്രയ്ക്കുമാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും തുക നല്‍കാന്‍ ഉത്തരവിട്ടത്.
ഈ മാസം ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ഡിസംബര്‍ 26ന് തൃശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിക്ക് അന്ന് ഉച്ചതിരിഞ്ഞ് തലസ്ഥാനത്ത് രണ്ട് പരിപാടികളാണുണ്ടായിരുന്നത്. മൂന്ന് മണിക്ക് ഓഖി കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയും അതിന് ശേഷം മന്ത്രിസഭായോഗവും. ഇത് കഴിഞ്ഞ് അന്ന് വൈകീട്ട് 4.30 ന് അദ്ദേഹം പാര്‍ട്ടിസമ്മേളന വേദിയിലേക്ക് തിരിച്ചും പറന്നു. ഇതിനായി ഇരട്ട എഞ്ചിനുള്ളെ ഹെലികോപ്റ്ററിന്റെ വാടകയായി ചെലവായത് എട്ട് ലക്ഷം രൂപ.
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹെലി ടൂറിസം കമ്പനിയുടെ ഹെലികോപ്റ്റരാണ് മുഖ്യമന്ത്രിയുടെ യാത്രക്ക് വേണ്ടി ഉപയോഗിച്ചത്. യാത്രയ്ക്കായി 13 ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ കമ്പനി ആവശ്യപ്പെട്ടത് . എന്നാല്‍ വിലപേശി പിന്നീട് അത് എട്ട് ലക്ഷമാക്കുകയായിരുന്നു.
സാധാരണ മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കമുള്ള യാത്രാ ചിലവുകള്‍ പൊതുഭരണ വകുപ്പില്‍ നിന്നാണ് നല്‍കുന്നത്. പാര്‍ട്ടി സമ്മേളന പരിപാടിക്കിടെ പെട്ടെന്ന് തലസ്ഥാനത്തെ പരിപാടികളില്‍ പങ്കെടുത്ത് തിരികെയെത്തുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെങ്കിലും ഓഖി കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് യാത്രയെന്ന കാരണം മാത്രമാണ് പണം അനുവദിക്കുന്നതിനായി ചൂണ്ടിക്കാട്ടിയത്.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ദുരന്ത നിവാരണ ഫണ്ടില്‍നിന്നും പണം ഈടാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടിയാക്കിയിരുന്നു. പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.