തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ വേദിയില്‍ ജിഎസ്ടി ഇന്റലിജന്‍സ് അഡീഷണല്‍ കമ്മീഷണറെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകമായി അനുമോദിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏറ്റവുമധികം സ്പോണ്‍സര്‍മാരെ പിടിച്ചുകൊടുത്തതിനാണ് അദ്ദേഹത്തെ ആദരിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു. ജിഎസ്ടി ഇന്റലിജന്‍സ് അഡീഷണല്‍ കമ്മീഷണറെ ആദരിച്ച സംഭവം ഗുരുതര തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.
നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ പരിപാടിക്ക് സംഭാവന പിരിക്കുന്ന ആളാക്കി മാറ്റി. സര്‍ക്കാര്‍ ചെയ്ത വലിയ കുറ്റകൃത്യമാണ്. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം എന്ന് കേട്ടാല്‍ നികുതിവെട്ടിപ്പുകാരുടെ മുട്ട് കൂട്ടിവിറക്കണം. ആ ഇന്റലിജന്‍സ് സംവിധാനത്തെ ദുരുപയോഗപ്പെടുത്തി. കോടികള്‍ സ്വര്‍ണക്കച്ചവടക്കാരോടും കച്ചവടക്കാരോടും ഭീഷണിപ്പെടുത്തിയാണ് പണം പിരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. തൃശ്ശൂരില്‍ ഡിസിസി നേതൃത്വം സംഘടിപ്പിച്ച ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അതേസമയം കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായാണ് കെ സുധാകരനും വി ഡി സതീശനും സംസാരിച്ചത്. ഇപ്പോഴത്തെ സംഘടനാ ശേഷിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഒന്നിച്ചുപോയില്ലെങ്കില്‍ പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടും. പ്രശ്‌നം ചിലരുടെ കയ്യിലിരിപ്പാണെന്നും തൃശൂരിലെ പാര്‍ട്ടി ഭാരവാഹികളോട് ഇരുവരും പറഞ്ഞു.