ചെന്നൈ: ഇത്തരമൊരു ചിത്രം സ്വപ്നത്തില്‍ മാത്രം. 3,000 ചുടുചുംബനങ്ങളാല്‍ ഒരു വിദ്യാര്‍ത്ഥി വരച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ചിത്രം, സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. പെരമ്പലൂര്‍ ജില്ലയിലെ വലികണ്ഠപുരം ഗ്രാമത്തിലെ കോളേജ് വിദ്യാര്‍ഥിയായ നരസിംഹനാണു പുത്തന്‍ ആശയത്തിനു പിന്നില്‍. ചുണ്ടില്‍ ചായം തേച്ച ശേഷം, വലിയ കാന്‍വാസില്‍ ചുംബിച്ചാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ചിത്രം നരസിംഹന് വരച്ചിരിക്കുന്നത്. 3,000 ചുംബനങ്ങള്‍ വഴി സ്റ്റാലിന്റെ അര്‍ധകായ ചിത്രം പൂര്‍ത്തിയായപ്പോള്‍ അമ്പരന്നത് തമിഴകമാണ്. ഇത്തരമൊരു സാഹസം രാജ്യത്ത് തന്നെ ആദ്യത്തേതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോയമ്പത്തൂര്‍ രംഗനാഥന് കോളജ് ഓഫ് ആര്‍ക്കിടെക്ചറിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ നരസിംഹന്റെ സൂപ്പര്‍ പ്രകടനവും, മുഖ്യമന്ത്രിയുടെ ചിത്രവും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ, പ്രമുഖരടക്കം ഒട്ടേറെപ്പേരാണ് അഭിനന്ദനവുമായെത്തിയിരിക്കുന്നത്. തികച്ചും പ്രകൃതിദത്ത നിറമാണു ചിത്രം വരയ്ക്കാനായി ചുണ്ടില്‍ പുരട്ടിയതെന്നാണ് നരസിംഹന് പറയുന്നത്. ചുംബനചിത്രം വരയ്ക്കുന്ന വീഡിയോ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. മുന്‍പു നരസിംഹന് എ.പി.ജെ അബ്ദുല്‍ കലാമിന്റെ വലിയ ചിത്രം വരച്ചതും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍, ചുംബന ചിത്രം ഇതാദ്യത്തേതാണ് എന്നത് വ്യക്തം