തൃശൂര്‍: വടക്കാഞ്ചേരിയില്‍ നടി കെ.പി.സി.സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചൊല്ലി സി.പി.എമ്മില്‍ വ്യാപക പ്രതിഷേധം.
വീണ്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മന്ത്രി സി.എന്‍.ബാലകൃഷ്ണയെയോ മകള്‍ സി.ബി. ഗീതയേയോ സഹായിക്കുന്നതിനുവേണ്ടിയാണ് ദുര്‍ബലയായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നാണ് അണികള്‍ക്കിടയിലെ ആരോപണം.
മുന്‍പ് യു.ഡി.എഫില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്ത സി.പി.എം ജില്ലാ സെക്രട്ടറി എ.സി മൊയ്തീന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പള്ളി, അനൂപ് കിഷോര്‍, പി.ബി.അനൂപ് എന്നീ ശക്തരായ നേതാക്കളില്‍ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാതെ കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.
നടക്കാന്‍പോലും പരസഹായം ആവശ്യമുള്ള കെ.പി.എ.സി ലളിതയ്ക്ക് എം.എല്‍.എ എന്ന രൂപത്തില്‍ എങ്ങനെ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഉയരുന്ന ചോദ്യം.
സാംസ്‌കാരിക – സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെങ്കില്‍ അതിന് ചലച്ചിത്ര അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയ മേഖലകളില്‍ ഭരണം ലഭിച്ചാല്‍ പരിഗണിക്കുന്നതായിരുന്നു ഉചിതമെന്ന നിലപാട് ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമാണ്.
കെ.പി.എ.സി ലളിതയെ പരിഗണിക്കേണ്ടത് അനിവാര്യമായിരുന്നുവെങ്കില്‍ അത് നേരത്തെ തന്നെ ആകാമായിരുന്നുവല്ലോ എന്ന അണികളുടെ ചോദ്യത്തിന് മുന്നിലും നേതൃത്വം പതറുകയാണ്.
ഇനി വടക്കാഞ്ചേരിയില്‍ ഒരു വനിത തന്നെ സ്ഥാനാര്‍ത്ഥിയാവണമെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമായിരുന്നുവെങ്കില്‍ മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ കെ.പി. നഫീസ, മുന്‍ മേയര്‍ ബിന്ദു, കെ.എന്‍.വിജയ, ഡോ.ഷീല, ബീഫ് വിവാദത്തിലെ ‘നായിക’ ദീപ നിശാന്ത് എന്നിവരെ പരിഗണിക്കാമായിരുന്നുവെന്ന അഭിപ്രായത്തിനും സി.പി.എം നേതൃത്വത്തിന് മറുപടിയില്ല.
പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി പിരിച്ചുവിടണമെന്നതടക്കമുള്ള കോണ്‍ഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും ആവശ്യത്തിന് മുന്നില്‍ മുഖംതിരിച്ച സി.എന്‍.ബാലകൃഷ്ണനോടുള്ള ഉപകാര സ്മരണയാണോ ഈ ‘തലതിരിഞ്ഞ’ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന ചോദ്യത്തിന്റെ പ്രസക്തി വര്‍ധിക്കുന്നതും ഇവിടെയാണ്.