സിഎന്‍ജി വില കുതിച്ചുയരുന്നു; മുംബൈയില്‍ ഒറ്റയടിക്ക് കൂടിയത് ഏഴു രൂപ

ഡല്‍ഹി:രാജ്യത്ത് സിഎന്‍ജി വില വീണ്ടും വര്‍ധിച്ചു. മുംബൈയില്‍ കിലോഗ്രാമിന് ഏഴു രൂപ വര്‍ധിച്ചപ്പോള്‍ ഗുജറാത്തിലെ വര്‍ധന 6.50 രൂപയാണ്. മുംബൈയില്‍ സിഎന്‍ജിക്ക് കിലോഗ്രാമിന് 67 രൂപയാണ് വില. മഹാനഗര്‍ ഗ്യാസ് ലിമിറ്റഡാണ് മുംബൈയില്‍ വിതരണം നടത്തുന്നത്. ഗുജറാത്തില്‍ വില 76.98 ആയാണ് വര്‍ധിച്ചത്.

ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രകൃതിവാതകത്തിന്റെ വില വര്‍ധിക്കുന്നത്. കിലോഗ്രാമിന് രണ്ടര രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ മാര്‍ച്ച് മാസം മുതല്‍ ഇതുവരെ സിഎന്‍ജിയുടെ വിലയില്‍ 12.50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സംസ്ഥാന നികുതിയുടെ അടിസ്ഥാനത്തില്‍ നഗരങ്ങളില്‍ വിലയില്‍ ഏറ്റകുറച്ചിലുണ്ട്.

നിലവില്‍ ഡല്‍ഹിയില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 69.11 രൂപയാണ്. കഴിഞ്ഞദിവസം 66.61 രൂപയായിരുന്നു വില. അതേസമയം പൈപ്പ് വഴി വീടുകളില്‍ എത്തിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല. സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് മീറ്ററിന് 41.61 രൂപയായി തുടരും.

രാജ്യാന്തര എണ്ണവിലയെ അടിസ്ഥാനമാക്കിയാണ് എണ്ണവിതരണ കമ്പനികള്‍ വില നിര്‍ണയിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 6.1 ഡോളറായാണ് വര്‍ധിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഡല്‍ഹിയില്‍ അടക്കം വില വര്‍ധന.

 

Top