ചെന്നൈ: ഒരു രൂപ കുടിശ്ശിക വരുത്തിയെന്ന് ആരോപിച്ച് സഹകരണ ബാങ്ക് പണയ സ്വര്‍ണം ഉടമക്ക് മടക്കി നല്‍കിയില്ലെന്ന് പാരാതി. തമിഴ്‌നാട്ടിലെ കാഞ്ചിപുരം സെന്‍ട്രല്‍ കോ-ഓപ്പറേറ്റിവ് ബാങ്കിന്റെ പല്ലാവരം ബ്രാഞ്ചിനെതിരെ സി. കുമാര്‍ എന്നയാളാണ് പരാതിയുമായി മദ്രാസ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈടു നല്‍കിയ 138 ഗ്രാം സ്വര്‍ണ്ണമാണ് ബാങ്ക് തിരിച്ചു നല്‍കാതിരുന്നതെന്ന് ഇയാള്‍ പരാതിയില്‍ പറയുന്നു.
2010 ഏപ്രില്‍ ആറിനാണ് കുമാര്‍ 17 പവന്‍ പണയപ്പെടുത്തി 1.23 ലക്ഷം രൂപ കടം എടുത്തത്. ശേഷം ഇതു പുതുക്കി വായ്പ 1.65 ലക്ഷമാക്കിയിരുന്നു. 2011 മാര്‍ച്ച് 28ന് വായ്പ എടുത്ത തുകയുടെ പലിശയടക്കം അടച്ച് സ്വര്‍ണം തിരികെ എടുക്കാന്‍ ബാങ്കിനെ സമീപിച്ചു.
എന്നാല്‍ വായ്പ തിരിച്ചടവില്‍ ഒരു രൂപയുടെ കുറവുണ്ടെന്ന് ചുണ്ടിക്കാട്ടി ഈടായി നല്‍കിയ സ്വര്‍ണം തിരികെ നല്‍കാന്‍ ബാങ്ക് മടിക്കുകയായിരുന്നു. ബാങ്ക് കുടിശ്ശികയായി പറയുന്ന ഒരു രൂപ അടക്കാന്‍ തയ്യാറായിട്ടും ബാങ്ക് അത് സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. പരാതിക്കാരന്റെ വാദം കേട്ടതിന് ശേഷം കോടതി രണ്ട് ആഴ്ചയ്ക്കുള്ളില്‍ അധികൃതരില്‍ നിന്നുള്ള നിര്‍ദേശം അറിയിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.