ന്യൂഡൽഹി : സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിനു കീഴിൽ കൊണ്ടുവരുന്ന നിയമ ഭേദഗതി ബിൽ രാജ്യസഭക്കു പിന്നാലെ ലോക്സഭയും പാസാക്കി. സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിനു നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള ബാങ്കിങ് നിയന്ത്രണ ബിൽ ലോക്‌സഭ ബുധനാഴ്ച്ചയാണ് പാസാക്കിയത്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുകയാണ് ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ പറഞ്ഞു . കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളിലെ സഹകരണ മേഖലകൾ കൈയ്യടക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകൾ മോശം അവസ്ഥയിലാണ്. ഇത്തരം ബാങ്കുകൾ പ്രതിസന്ധിയിൽ അകപ്പെട്ടാൽ മൊറട്ടോറിയം ഉൾപ്പടെയുള്ള നടപടികളിലൂടെ രക്ഷപെടുത്താൻ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 32 എംപിമാർ സഭയിൽ ബില്ലിനെക്കുറിച്ച് ചാേദ്യങ്ങൾ ഉന്നയിച്ചു. അതേസമയം, സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നു കയറുന്നതാണ് നിയമഭേദഗതിയെന്ന് കോൺഗ്രസ്, ഡി.എം.കെ, സി.പി.എം, ആർ.എസ്.പി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കമാണെന്ന് ചർച്ചയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ആരോപിച്ചു. നിയമ ഭേദഗതി സഹകരണ ബാങ്കിങ് മേഖലയുടെ സ്വയംഭരണാവകാശത്തെ തകർക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ബാങ്കിങ് മേഖലയിൽ സഹകരണ ബാങ്കുകളുടെ മഹത്തായ സംഭാവനകൾ പരിഗണിക്കാതെയാണ് ബിൽ കൊണ്ടു വന്നിരിക്കുന്നതെന്ന് എം.കെ. രാഘവൻ കുറ്റപ്പെടുത്തി.
ആർബിഐയുടെ മേൽനോട്ടം വരുന്നതോടെ മറ്റ് ഷെഡ്യൂൾഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസർവ്വ് ബാങ്ക് നിയമങ്ങൾക്ക് വിധേയമാകും. കിട്ടാക്കടം ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരിട്ട് റിസർവ് ബാങ്ക് പരിശോധിക്കും.