ന്യൂഡല്‍ഹി: പണമിടപാടുകള്‍ നിയന്ത്രിച്ച കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കിയും വിമര്‍ശനമുന്നയിച്ചും സഹകരണ ബാങ്കുകളുടെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍.
കള്ളനോട്ട് കണ്ടുപിടിക്കാന്‍ സഹകരണ ബാങ്കുകള്‍ സംവിധാനമുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും എതിര്‍സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു.
സഹകരണ ബാങ്കുകളിലെ പണമിടപാട് നിരോധിച്ച നടപടി തെറ്റാണെന്നും ഇതുമൂലം രാജ്യത്തെ 57 ലക്ഷം നിക്ഷേപകരെ കേന്ദ്രം ദ്രോഹിക്കുകയാണെന്നും സത്യവാങ്ങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നുമുണ്ട്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് പഴയ നോട്ടുകളുടെ വിനിമയത്തില്‍ നിന്നും രാജ്യത്തെ സഹകരണ ബാങ്കുകളെ ഒഴിവാക്കിയത് മനപൂര്‍വ്വമാണെന്ന് കേന്ദ്രം നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സഹകരണ ബാങ്കുകളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനുളള കേന്ദ്രത്തിന്റെ ആദ്യ വിശദീകരണം. കെവൈസി ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നില്ല, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ സഹകരണ ബാങ്കുകളില്‍ ഇല്ല, കൂടാതെ കള്ള നോട്ടുകള്‍ കണ്ടുപിടിക്കാനുളള സംവിധാനമില്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് സഹകരണ ബാങ്കുകള്‍ ഇപ്പോള്‍ സത്യവാങ്മൂലത്തില്‍ വിമര്‍ശനമുന്നയിക്കുന്നത്.
കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നബാര്‍ഡും സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സംസ്ഥാനത്തെ പതിനാല് ജില്ലാ ബാങ്കുകളും കൈവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍, 13 പൊതുമേഖലാ ബാങ്കുകള്‍ മാനദണ്ഡം പാലിച്ചിട്ടില്ല. ചട്ടം ലംഘിച്ചതിന് ഈ ബാങ്കുകളില്‍ നിന്നും 270 ദശലക്ഷം രൂപയോളം പിഴ ഈടാക്കിയെന്നും നബാര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.