ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം വൈദ്യുതോല്‍പ്പാദനത്തിന് വന്‍ പ്രതിസന്ധിയായിരിക്കെ നിര്‍ണായക തീരുമാനമെടുത്ത് കോള്‍ ഇന്ത്യ. ഇനി സാധാരണ പോലെ എല്ലാവര്‍ക്കും കല്‍ക്കരി കൊടുക്കേണ്ടെന്നാണ് തീരുമാനം. അതായത് ഊര്‍ജ്ജ പ്രതിസന്ധി തീരുന്നത് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കും കല്‍ക്കരി നല്‍കുകയെന്നാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ നിലപാട്.
ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാനാണ് തീരുമാനം. വൈദ്യുതോല്‍പ്പാദന കമ്പനികള്‍ക്ക് ഇപ്പോഴത്തെ നിലയില്‍ കല്‍ക്കരി വലിയ തോതില്‍ ആവശ്യമുള്ളതിനാലാണിത്. എന്നാല്‍ കോള്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം 58 ശതമാനം താപവൈദ്യുത നിലയങ്ങളും അതീവ ഗുരുതര പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെറും 14 ശതമാനം പ്ലാന്റുകള്‍ക്ക് മാത്രമാണ് ആവശ്യത്തിന് കല്‍ക്കരി കൈയ്യിലുള്ളതും സമയത്തിന് കൂടുതല്‍ കല്‍ക്കരി ലഭിക്കുന്നതും. മറ്റുള്ളവയെല്ലാം പ്രതിസന്ധിയിലാണ്.
18 പ്ലാന്റുകളില്‍ കല്‍ക്കരി തീര്‍ന്നു. 26 പ്ലാന്റുകളില്‍ ഒരു ദിവസത്തെ കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നത്. 17 പ്ലാന്റുകളില്‍ രണ്ട് ദിവസത്തേക്ക് ആവശ്യമുള്ള കല്‍ക്കരിയുണ്ട്. 18 ഓളം പ്ലാന്റുകളില്‍ മൂന്ന് ദിവസത്തെ കല്‍ക്കരിയാണ് ഉള്ളത്. 19 പ്ലാന്റുകളില്‍ നാല് ദിവസത്തേക്കുള്ളതും 10 പ്ലാന്റുകളില്‍ അഞ്ച് ദിവസത്തേക്കുള്ള കല്‍ക്കരിയും 15 എണ്ണത്തില്‍ ഏഴ് ദിവസത്തേക്കുള്ള കല്‍ക്കരിയും സ്‌റ്റോക്കുണ്ട്.
രാജ്യത്തെ കല്‍ക്കരി ഉല്‍പ്പാദനം കേന്ദ്രം വര്‍ധിപ്പിച്ചിരിക്കുകയാണ്. 12 ശതമാനമാണ് അധിക ഉല്‍പ്പാദനം. ഉപഭോഗം വര്‍ധിച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണം. അന്താരാഷ്ട്ര വില കഴിഞ്ഞ കുറേ കാലമായി ഉയര്‍ന്ന നിലയിലായിരുന്നുവെങ്കിലും രാജ്യത്ത് പല മേഖലകളും ലോക്ക്ഡൗണിലായതിനാല്‍ ഇത് കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ ലോക്ക്ഡൗണില്‍ പൂര്‍ണ ഇളവ് വന്നതോടെ ഉപഭോഗവും കൂടി. ഇതോടെ അന്താരാഷ്ട്ര വിലയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യാനാവില്ലെന്ന സ്ഥിതിയിലായി ഊര്‍ജ്ജോല്‍പ്പാദകര്‍. അതോടെ തദ്ദേശീയമായി കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്ന കോള്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്.