തിരുവനന്തപുരം: ശ്രീലങ്കയില്‍ നിന്ന് രക്ഷപ്പെട്ട ഐ.എസ് ഭീകരവാദികള്‍ കേരളത്തില്‍ എത്തുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി കോസ്റ്റല്‍ ഇന്റലിജന്റ്‌സ് വിംഗ് രൂപീകരിച്ചെന്നും കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ സീകരിച്ചിട്ടുള്ള സുരക്ഷാ നടപടികള്‍ യോഗം വിലയിരുത്തുകയും ചെയ്തു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസ്ഥാന പൊലീസ് മേധാവി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഭീഷണി നേരിടുന്നതിന് എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തു.ഐ.എസ് ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല കോര്‍ഡിനേറ്ററായി സെക്യൂരിറ്റി വിഭാഗം ഐ.ജി ജി.ലക്ഷ്മണിനെ നിയോഗിച്ചു.
ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഐ.ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ക്കും തീരദേശത്തെ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.