ന്യൂഡല്‍ഹി: ‘കോസ്റ്റല്‍ ബോര്‍ഡര്‍ പൊലീസ്’ എന്ന പേരില്‍ തീര സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സേന വരുന്നു.
സമുദ്രാതിര്‍ത്തി വഴിയുള്ള ഭീകരപ്രവര്‍ത്തനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നുഴഞ്ഞു കയറ്റം തടയാനാണ് കേന്ദ്രത്തിന്റെ പുതിയ സേന രൂപീകരിക്കുന്നത്.
പൂര്‍ണമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സേനയാകും കോസ്റ്റല്‍ ബോര്‍ഡര്‍ പൊലീസ്.
നീണ്ട സമുദ്രാതിര്‍ത്തിയുള്ള രാജ്യമായതിനാല്‍ തീര സുരക്ഷയ്ക്കായി പ്രത്യേക സേന അനിവാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്.
പുതിയ സേനയുടെ പകുതി ഉദ്യോഗസ്ഥരേയും ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ നിന്നാകും നിയമിക്കുക. ശേഷിക്കുന്ന പകുതി പേരെ മറ്റു അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും ഡെപ്യുട്ടേഷന്‍ നല്‍കി നിയമിക്കും.
എല്ലാതരത്തിലുള്ള വെല്ലുവിളികളേയും നേരിടാന്‍ കഴിയും വിധം അത്യാധുനിക സംവിധാനങ്ങളോടെയാകും സേന പ്രവര്‍ത്തിക്കുക.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ അവലോകന യോഗത്തിലാണ് പുതിയ സേന രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നത്.
ഭീകരവാദം മാത്രമാവില്ല സമുദ്രത്തിലെ ആണവ നിലയങ്ങളുടെ സുരക്ഷയും കോസ്റ്റല്‍ ബോര്‍ഡര്‍ പോലീസിനാകും നോക്കുക.
മൂന്നു വശങ്ങളിലായി 7000 ത്തോളം കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന സമുദ്ര തീരമാണ് ഇന്ത്യയ്ക്കുള്ളത്. നിലവില്‍ നാവിക സേനയും കോസ്റ്റുഗാര്‍ഡുമാണ് ഭാരതത്തിന്റെ സമുദ്രാതിര്‍ത്ഥി സംരക്ഷിക്കുന്നത്.