Coca-Cola, American Beverage Association are Targets of Lawsuit Charging Deceptive Sugary Drink Marketing

ഓക്‌ലന്‍ഡ്: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിലൂടെ കൊക്ക കോള ജനങ്ങളുടെ ആരോഗ്യം കവരുന്നെന്നു ചൂണ്ടിക്കാട്ടി പരാതി. കൊക്ക കോളയ്ക്കും അമേരിക്കന്‍ ബിവറേജസ് അസോസിയേഷനുമെതിരേ പൊതുജനതാത്പര്യ സംഘടനയായ പ്രാക്‌സിസ് പ്രോജക്ടാണ് പരാതി നല്കിയിരിക്കുന്നത്.

ലോകത്ത് പൊണ്ണത്തടിയന്മാരുടെ എണ്ണം ക്രമാതീതമായി ഉയര്‍ത്തുന്നതില്‍ കോള കമ്പനികള്‍ക്ക് വലിയ പങ്കുണ്ട്. ആരോഗ്യത്തിന് അനുയോജ്യമാണെന്നും കാലോറി കുറവാണെന്നും പരസ്യങ്ങളിലൂടെ കോള കമ്പനി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രാക്‌സിസ് ആരോപിച്ചു.

ആരോഗ്യകരമായ ഭക്ഷണക്രമത്തിന് കോളകള്‍ ഭാഗമാണെന്ന മിഥ്യാധാരണ പരസ്യങ്ങളിലൂടെ കമ്പനികള്‍ ലോകത്ത് സൃഷ്ടിച്ചു കഴിഞ്ഞു. തന്മൂലം ഇത് ഉപയോഗിക്കുന്നവരുടെ എണ്ണവും ദിനം പ്രതി വര്‍ധിക്കുന്നുവെന്ന് അന്യായം ഫയല്‍ ചെയ്യാന്‍ മുന്‍കൈ എടുത്ത മായിയ കാറ്റ്‌സ് പറയുന്നു.

ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിച്ച് ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിവരങ്ങള്‍ കൂടി ചേര്‍ക്കണമെന്ന് ഓക്‌ലന്‍ഡ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അന്യായത്തില്‍ ആവശ്യപ്പെട്ടു.

കോള ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറച്ചേ ഉപയോഗിക്കൂവെന്ന് കമ്പനികള്‍ പറയുന്നുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാറില്ല.

16 ഔണ്‍സ് ബോട്ടില്‍ കോളയില്‍ 12 ടീസ്പൂണ്‍ പഞ്ചസാര അടങ്ങുമ്പോള്‍ ഒരു വ്യക്തിക്ക് ഒരു ദിവസം കഴിക്കാവുന്ന പഞ്ചസാരയുടെ അളവിലും മുകളിലാണത്. പുരുഷന്മാര്‍ക്ക് ഒമ്പത് ടീസ്പൂണും സ്ത്രീകള്‍ക്ക് ആറ് ടീസ്പൂണും പഞ്ചസാരയാണ് ഒരു ദിവസം കഴിക്കാവുന്നത്. ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ നിന്ന് 16 കലോറി ഊര്‍ജമാണ് ലഭിക്കുക.

Top