‘കഫേ കോഫി ഡേ’ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ ഒരുക്കി കൊക്കക്കോള കമ്പനി

ബാംഗ്ലൂര്‍: കഫേ കോഫി ഡേ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കം കുറിച്ച് കൊക്കകോള കമ്പനി. കോഫി വിതരണ രംഗത്ത് ഈ വര്‍ഷം അവസാനത്തോടെ പുതിയ ബ്രാന്‍ഡ് രംഗത്തിറക്കുകയാണ് കഫേ കോഫി ഡേ ഏറ്റെടുക്കലിലൂടെ കൊക്കകോള ലക്ഷ്യമിടുന്നത്.

കഫേ കോഫി ഡേയുടെ ഭൂരിപക്ഷം ഓഹരികളും വാങ്ങാന്‍ കൊക്കക്കോള നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു കോഫി ഡേ ഗ്രൂപ്പ് ചെയര്‍മാന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മരണം. തുടര്‍ന്ന് നിലച്ച ഏറ്റെടുക്കല്‍ ചര്‍ച്ചകളാണ് വീണ്ടും തുടങ്ങിയത്.

നേരത്തെ കൊക്കകോളയുമായി പതിനായിരം കോടി രൂപയുടെ ഇടപാട് നടത്താനായിരുന്നു വി ജി സിദ്ധാര്‍ത്ഥ തീരുമാനിച്ചത്. എന്നാല്‍, ഇപ്പോള്‍ കൊക്കകോള എത്ര തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല.

കോഫി വില്‍പ്പന മേഖലയിലേക്ക് ഇറങ്ങാനുള്ള കൊക്കകോളയുടെ തീരുമാനത്തിന്റെ ഭാഗമായാണ് കഫേ കോഫി ഡേ ഏറ്റെടുക്കാനുളള ആലോചന. നേരത്തെ ആഗോള കോഫി ചെയിനായ കോസ്റ്റ കോഫിയും കൊക്കകോള കമ്പനി ഏറ്റെടുത്തിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വിവിധ രാജ്യങ്ങളില്‍ കോക്കകോള കോഫി എന്ന ശൃംഖല തുടങ്ങാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

Top