ലോക സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കൊള ബഹിഷ്കരിച്ചതിനെ തുടർന്ന് വിവാദങ്ങൾ ഏറ്റു വാങ്ങിയിരുന്നു. യൂറോ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കാണവെ തനിക്ക് മുന്നിലുണ്ടായിരുന്ന കൊക്ക കോള ബോട്ടിലുകള്‍ ക്രിസ്റ്റിയാനോ മാറ്റിവെച്ചത് യുവേഫയുടെ വിമര്‍ശനത്തിനും ഇടയാക്കി. ഇപ്പോഴിതാ ക്രിസ്റ്റിയാനോ അഭിനയിച്ച കൊക്ക കോളയുടെ പഴയ പരസ്യം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ.
അടുത്തതവണ പാരച്യൂട്ടില്ലാതെ സ്‌കൈ ഡൈവ് ചെയ്യണമെന്നും ജയവര്‍ധനെ പരിഹാസത്തോടെ പറയുന്നുണ്ട്. അതേസമയം, പ്രായം 20ല്‍ നില്‍ക്കെയുള്ള ഒരു പരസ്യമായിരുന്നു ഇതെന്നും അതുവെച്ച് ക്രിസ്റ്റ്യാനോയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ഒരുവിഭാഗം ആരാധകര്‍ പറയുന്നു. കൊക്ക കോളയുമായി നില്‍ക്കുന്ന ക്രിസ്റ്റിയാനോയുടെ പരസ്യത്തിന് ഏകദേശം പതിനഞ്ചു വര്‍ഷത്തോളം പഴക്കമുണ്ട്.
കൊക്ക കോള പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കി വെള്ളം കുടിക്കണമെന്നാണ് ക്രിസ്റ്റ്യാനോ കഴിഞ്ഞദിവസം ആഹ്വാനം ചെയ്തത്. ഇതുമൂലം കൊക്ക കോളയുടെ ഓഹരിമൂല്യത്തില്‍ ഇടിവുണ്ടാകുകയും കമ്പനിയുടെ മൂല്യത്തില്‍ 30,0000 കോടിയോളം നഷ്ടമുണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെ സ്‌പോണ്‍സര്‍മാരെ അവഗണിക്കരുതെന്ന് യുവേഫ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.