കൊച്ചി: നാവികസേന കപ്പലായ ഐ.എന്‍എസ് വിക്രാന്തില്‍ നിന്നു ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ ഉടന്‍ അപേക്ഷ സമര്‍പ്പിക്കും. 10 ദിവസത്തേയ്ക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്ന് കാണിച്ചാണ് കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെടുന്നത്. നിലവില്‍ ഇരുവരുമായി എന്‍ഐഎ ഇരുസംസ്ഥാനങ്ങളിലും തെളിവെടുപ്പ് നടത്തി വരികയാണ്.
തേവരയിലെ വീട്ടിലായിരുന്നു കപ്പലില്‍ നിന്നും കവര്‍ച്ച നടത്തിയ ഹാര്‍ഡ് ഡിസ്‌ക് ആദ്യം ഒളിപ്പിച്ചത്. തേവരയിലെ വീട്ടില്‍ ഇവരോടൊപ്പം താമസിച്ച മറ്റ് 4 പേരെക്കൂടി ചോദ്യം ചെയ്യും.
അതേസമയം അറസ്റ്റിലായ രാജസ്ഥാന്‍, ബീഹാര്‍ സ്വദേശികളായ രണ്ട് പേര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഒരു വര്‍ഷം മുന്‍പാണ് വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ കാണാതായത്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം (ഐപിഎംഎസ്) എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണു മോഷ്ടിക്കപ്പെട്ടത്. 2019 സെപ്റ്റംബര്‍ 14 നാണു കപ്പല്‍ശാല അധികൃതര്‍ പരാതി നല്‍കിയത്.നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ നിന്നും വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ അന്വേഷണം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലിക്ക് വരുന്ന എല്ലാവരുടേയും വിരലടയാളം ഇവിടെ ശേഖരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഇങ്ങനെ 5000-ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇപ്പോള്‍ പിടിയിലായ രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികളിലേക്ക് എന്‍ഐഎ എത്തിയത്.
കപ്പലിലെ പെയിന്റിംഗ് തൊഴിലാളികളായ ഇവര്‍ തൊഴില്‍ നഷ്ടമായി മടങ്ങുമ്പോള്‍ ഹാര്‍ഡ് ഡിസ്‌ക് കൂടി എടുത്ത് സ്ഥലം വിടുകയായിരുന്നു എന്നാണ് എന്‍ഐഎക്ക് ലഭിച്ച വിവരം. ഇവരില്‍ നിന്നും രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്.