കൊച്ചി കപ്പല്‍ശാല ഇന്ത്യന്‍ നാവിക സേനയ്ക്കായി എട്ട് മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കും

Kochi Shipyard

കൊച്ചി : ഇന്ത്യന്‍ നാവിക സേനയ്ക്കായി എട്ട് മുങ്ങിക്കപ്പലുകള്‍ നിര്‍മിച്ചു കൊടുക്കാനുള്ള ടെന്‍ഡറില്‍ കൊച്ചി കപ്പല്‍ശാല ഒന്നാമതെത്തി.

ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ കണ്ടെത്തി നശിപ്പിക്കുന്ന എട്ടു കോര്‍വെറ്റുകളാണു നിര്‍മിക്കേണ്ടത്.

5400 കോടിയുടേതാണ് ഓര്‍ഡര്‍. വമ്പന്‍ കമ്പനികളായ എല്‍ ആന്‍ഡ് ടി, ഗുജറാത്തിലെ പിപവാവിലുള്ള റിലയന്‍സ് ഷിപ്‌യാര്‍ഡ്, കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് തുടങ്ങിയ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തു.

ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കൊച്ചി കപ്പല്‍ശാല ഒന്നാമതെത്തിയെന്ന് നാവിക സേനാ ആസ്ഥാനം അറിയിച്ചു. ഇനി പ്രതിരോധ മന്ത്രാലയവുമായി കരാര്‍ ഒപ്പിടേണ്ടതാണ്.

ഇന്ത്യന്‍ നേവി രണ്ട് കമോര്‍ട്ട ക്ലാസ് കോര്‍വെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്, ഐഎന്‍എസ് കമോര്‍ട്ടയും ഐഎന്‍എസ് കട്മറ്റും.

കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ്‌യാഡ് ഇത്തരം രണ്ടെണ്ണം കൂടി നിര്‍മിക്കുകയാണ്.ഇതിനു പുറമേയാണ് ഇനി കൊച്ചി കപ്പല്‍ശാല 8 എഎസ് ഡബ്ല്യു കോര്‍വറ്റുകള്‍ കൂടി നിര്‍മിക്കുക.

മുങ്ങിക്കപ്പലുകളെ തിരഞ്ഞു കണ്ടെത്തി നശിപ്പിക്കാനുള്ള ഹെലികോപ്റ്ററും കപ്പലിലുണ്ടാകും.

നാലു വര്‍ഷത്തിനകം ആദ്യ കപ്പല്‍ കൈമാറേണ്ടതാണ്. കൊച്ചി കപ്പല്‍ശാലയ്ക്ക് നേവിയില്‍ നിന്നു ലഭിച്ച ഏറ്റവും വലിയ ഓര്‍ഡറുകളിലൊന്നാണിത്. അതോടെ കപ്പല്‍ശാലയുടെ ഓഹരി വിലയില്‍ 11% വര്‍ധനയുണ്ടായി.

Top