ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ കിരീടം അമേരിക്കന്‍ കൗമാരതാരം കൊകൊ ഗൗഫിന്. ബെലാറസ് താരം സബലെങ്കയെ അട്ടിമറിച്ചാണ് ഗൗഫിന്റെ കിരീടനേട്ടം. ആര്‍തുര്‍ ആഷെ സ്റ്റേഡിയത്തില്‍ രണ്ട് മണിക്കൂറും ആറ് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗൗഫ് യു.എസ് ഓപ്പണില്‍ മുത്തമിട്ടത്. സ്‌കോര്‍: 2-6, 6-3, 6-2
ട്രാസി ഓസ്റ്റിനും സെറീന വില്യംസിനും ശേഷം യു.എസ് ഓപ്പണ്‍ കിരീടം നേടുന്ന യു.എസിന്റെ മൂന്നാമത്തെ കൗമാരതാരമാണ് ഗൗഫ്. 1999ല്‍ മാര്‍ട്ടീന ഹിങ്ഗിസിനെ തകര്‍ത്താണ് സെറീന യു.എസ് ഓപ്പണ്‍ കിരീടം നേടിയത്. അന്ന് 18 വയസായിരുന്നു സെറീനയുടെ പ്രായം.
മത്സരത്തില്‍ സെബലങ്കയും ഗൗഫും ഒരുപോലെ പിഴവുകള്‍ വരുത്തിയെങ്കിലും അന്തിമ വിജയം ഗൗഫിനൊപ്പം നില്‍ക്കുകയായിരുന്നു. 28,143 പേരാണ് മത്സരം കാണുന്നതിനായി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. ജൂലൈയില്‍ നടന്ന വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടില്‍ തന്നെ ഗൗഫ് പുറത്തായിരുന്നു. പിന്നീട് നടന്ന വാഷിങ്ടണ്‍, സിന്‍സിനാറ്റി ടൂര്‍ണമെന്റുകളില്‍ വിജയിച്ചാണ് അന്നത്തെ തോല്‍വിക്ക് ഗൗഫ് മറുപടി നല്‍കിയത്. ഒടുവില്‍ യു.എസ് ഓപ്പണ്‍ കൂടി നേടി തന്റെ കരിയറിലെ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണവര്‍.
കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലെ പരാജയം തന്നെ വല്ലാതെ ഉലച്ചുവെന്ന് മത്സരശേഷം ഗൗഫ് പറഞ്ഞു. കിരീട നേട്ടത്തിന് തന്നെ അവിശ്വസിച്ചവരോടാണ് നന്ദി പറയേണ്ടത്. തന്റെ ഉള്ളിലുള്ള തീ കെടുത്താന്‍ വെള്ളമൊഴിക്കുകയാണ് ചെയ്യുന്നതെന്നാണ് അവര്‍ വിചാരിച്ചത്. എന്നാല്‍, ഗ്യാസായിരുന്നു എന്റെ തീക്കുമേല്‍ അവര്‍ ഒഴിച്ചത്. ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ശക്തിയോടെ കത്തുകയാണെന്നും ഗൗഫ് പറഞ്ഞു. ട്രാസി ഓസ്റ്റിനും സെറീന വില്യംസിനും ശേഷം യു.എസ് ഓപ്പണ്‍ കിരീടം നേടുന്ന യു.എസിന്റെ മൂന്നാമത്തെ കൗമാരതാരമാണ് ഗൗഫ്.