cocon issue; case against DYSP Vinayakumaran nair

കൊല്ലം: കൊല്ലത്തു നടന്ന സൈബര്‍ സുരക്ഷാ സെമിനാറിനിടെ അവതാരകയായ ജേണലിസം വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎസ്പി വിനയകുമാരന്‍ നായര്‍ക്കെതിരെ കേസെടുത്തു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് കേസെടുത്തിട്ടുള്ളത്.

ഇത് സംബന്ധമായി പെണ്‍കുട്ടി കൊല്ലം അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പെണ്‍കുട്ടി പരാതി നല്‍കില്ലെന്നും വിനയകുമാരന്‍ നായര്‍ നേരത്തെ വീമ്പിളക്കിയിരുന്നു. പൊലീസ് കേസെടുത്തതോടെ ഈ വാദം പൊളിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച കൊല്ലത്തു നടന്ന കോക്കൂണ്‍ സൈബര്‍ സുരക്ഷാ സെമിനാറിനിടെ വിനയകുമാരന്‍ നായര്‍ അവതാരകയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

വിനയകുമാരന്‍ നായര്‍ക്കെതിരെ കഴിഞ്ഞയാഴ്ച തന്നെ വകുപ്പുതല നടപടി എടുത്തിരുന്നു. ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഹൈടെക് സെല്‍ അസി. കമാന്‍ഡന്റായ വിനയകുമാരന്‍ നായരെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. റേഞ്ച് ഐ.ജി മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗവും വിനയകുമാരന്‍ നായര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

പൊലീസ് നിലപാട് കര്‍ശനമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോക്കൂണ്‍ സമ്മേളനത്തിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സുഹൃത്തായ ‘സിങ്ക’വുമായിരുന്നു ഇതിന് പിന്നിലെന്നാണ് ആക്ഷേപം.

അഴിമതി ആരോപണവും മദ്യ വിതരണവുമായിരുന്നു പ്രധാന ആയുധം.

മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെയുള്ള ഉന്നതര്‍ പങ്കെടുത്ത സൈബര്‍ സമ്മേളനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള ശക്തമായ പ്രഹരമാണ് പൊലീസിന്റെ ഇപ്പോഴത്തെ നടപടി. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യത വളരെ കുറവായതിനാല്‍ വിനയകുമാരന്‍ നായരെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.

Top