Cocon issue; no action against former high tech cell chief

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് പ്രധാന ചുമതലയില്‍ ഭാര്യയുണ്ടെങ്കില്‍ ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീ പീഡനക്കേസില്‍ പ്രതിയായാലും നടപടിയുണ്ടാവില്ല.

കൊല്ലത്ത് നടന്ന പൊലീസ് സൈബര്‍ സമ്മേളനത്തില്‍ (കോകൂണ്‍) അവതാരികയായ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെന്‍ഷനിലായ മുന്‍ഹൈടെക് സെല്‍ മേധാവി വിനയകുമാരന്‍ നായരെയാണ് ആഭ്യന്തരവകുപ്പ് വഴിവിട്ട് സഹായിക്കുന്നത്.

കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിനയകുമാരന്‍ നായര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല.

ഗവര്‍ണറും മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുത്ത സൈബര്‍ സമ്മേളനത്തിന്റെ കറുത്തപാടായ വിവാദ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാതിരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന ചോദ്യത്തിന് അധികൃതര്‍ പോലും മുഖം തിരിക്കുകയാണ്.

നിസ്സാര കാര്യങ്ങള്‍ക്ക് പോലും പൊലീസുകാര്‍ക്കെതിരെ കേസുകളും സസ്‌പെന്‍ഷനും കൊടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തവരാണ് ഈ സ്ത്രീ പീഡനക്കേസിലെ പ്രതിയെ വഴിവിട്ട് സഹായിക്കുന്നത്.

സമ്മേളന സ്ഥലത്ത് വച്ച് ഉണ്ടായ സംഭവം അറിഞ്ഞ ഉടനെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് വിനയകുമാരനെ ഇറക്കിവിട്ടിരുന്നു. ഇതുസംബന്ധമായി ഐജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ഹൈടെക് സെല്ലിന്റെ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.

തുടര്‍ന്ന് റൂറല്‍ എസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് 354D, 354 A വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നത്.

മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചാര്‍ജ്ജ് ചെയ്തിരുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യേണ്ടിയിരുന്ന വിനയകുമാരന്‍ നായര്‍ക്കെതിരെ സംഭവം നടന്ന് 28 ദിവസമായിട്ടും ഒരു നടപടിയും ആഭ്യന്തരവകുപ്പ് സ്വീകരിച്ചിട്ടില്ല.

സിഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്.

ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ ഉടനെ ഉണ്ടാകുമെന്നാണ് നേരത്തെ പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചിരുന്ന വിവരം.
എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. സസ്‌പെന്‍ഡ് ചെയ്യുന്നതിനാവശ്യമായ റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്ത് നിന്നും ആഭ്യന്തര സെക്രട്ടറിക്ക് പോയിട്ടില്ലത്രെ. ഇത് ആരുടെ ‘ഇടപെടല്‍’ മൂലമാണെന്ന കാര്യമാണ് ഇപ്പോള്‍ പൊലീസിനകത്തെ ചര്‍ച്ചാ വിഷയം.

പത്ത് വര്‍ഷത്തോളം ഹൈടെക് സെല്‍ പോലുള്ള തന്ത്രപ്രധാനമായ തസ്തികയില്‍ തുടരാന്‍ വിനയകുമാരന്‍ നായര്‍ക്ക് അവസരം നല്‍കിയ ‘ശക്തികള്‍’ തന്നെയാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ഒഴിവാക്കാനും ഇടപെടുന്നതത്രെ.ഇദ്ദേഹത്തിന്റെ ഭാര്യ പൊലീസ് ആസ്ഥാനത്തെ ഒരു പ്രധാന ഉദ്യോഗസ്ഥയാണ്.

സ്ത്രീപീഡകര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നതാണ് ചില ‘ഉന്നത കേന്ദ്രങ്ങളുടെ’ ഇപ്പോഴത്തെ നടപടി.

Top