ചക്കിലാട്ടിയ പരിശുദ്ധ വെളിച്ചെണ്ണയിലും മായം; 42 ബ്രാന്‍ഡുകള്‍ നിരോധിച്ചു

പത്തനംതിട്ട: ചക്കിലാട്ടിയ പരിശുദ്ധം എന്ന വിശേഷണത്തില്‍ പുറത്തിറങ്ങുന്ന വെളിച്ചെണ്ണയില്‍ മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 42 ബ്രാന്‍ഡുകള്‍ നിരോധിക്കാന്‍ അധികൃതര്‍.

ഇവയുടെ ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവയും ആരോഗ്യ വകുപ്പ് നിരോധിച്ചു. വില്‍പന ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ നടപടി സ്വീകരിക്കാനും ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

കവറില്‍ പല ബ്രാന്‍ഡുകളില്‍ തെങ്ങിന്റെ പടവും ചേര്‍ത്ത് വില്‍പനയ്ക്കിറങ്ങിയ വ്യാജന്‍മാരെ പിടിച്ചപ്പോഴാണ് ചക്കിലാട്ടിയ വെളിച്ചെണ്ണ, വീട്ടില്‍ ഉണ്ടാക്കിയ വെളിച്ചെണ്ണ, പരിശുദ്ധ വെളിച്ചെണ്ണ, നാടന്‍ വെളിച്ചെണ്ണ എന്നീ വിശേഷണങ്ങള്‍ ഉളള ചില വെളിച്ചെണ്ണകളും പിടിയിലായത്.

അല്‍പം കൂടി വിശ്വാസ്യതയ്ക്ക് ചക്കിലാട്ടിയ നാടന്‍ പരിശുദ്ധ വെളിച്ചെണ്ണ എന്ന പരസ്യത്തോടെയാണ് ബ്രാന്‍ഡുകള്‍ വിപണിയില്‍ ഇറക്കിയിരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ സാംപിള്‍ പരിശോധനയില്‍ വ്യാജനെന്നു കണ്ടെത്തിയ 42ല്‍ പകുതിയിലധികവും ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ എന്ന പേരില്‍ വിറ്റഴിച്ചതാണ്.

Top