സംസ്ഥാനത്ത് 21 ബ്രാന്‍ഡ് വെളിച്ചെണ്ണകളില്‍ മായം ; നടപടിയെടുക്കണമെന്ന് കോടതി

oil-quality

കൊച്ചി: സംസ്ഥാനത്ത് വില്‍പ്പനയ്ക്കുള്ള 21 ബ്രാന്‍ഡ് വെളിച്ചെണ്ണകളില്‍ മായം കണ്ടെത്തി. കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അംഗീകൃത ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ 31 ബ്രാന്‍ഡുകളില്‍ 21 എണ്ണത്തിലും മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തി. പരിശോധനാ റിപ്പോര്‍ട്ടും കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളും എറണാകുളം അസി.ഫുഡ്‌സേഫ്റ്റി കമീഷണര്‍ക്ക് നല്‍കിയതായി അസോസിയേഷന്‍ സെക്രട്ടറി പോള്‍ ആന്റണി വ്യക്തമാക്കി.

സാധാരണ വെളിച്ചെണ്ണയില്‍ ഫ്രീ ഫാറ്റി ആസിഡ് (എഫ്.എഫ്.എ) മൂന്നില്‍ താഴെയും അയഡിന്‍ വാല്യു 7.5നും 10നും മധ്യേയുമാണ് വേണ്ടത്. എന്നാല്‍, ഈ വെളിച്ചെണ്ണകളില്‍ അയഡിന്‍ വാല്യു അമ്പതില്‍ കൂടുതലും, എഫ്.എഫ്.എ 10ല്‍ കൂടുതലുമാണ്. ആദ്യ ഘട്ടത്തില്‍ അസോസിയേഷന്റെ ലാബില്‍ പരിശോധിച്ച ഇരുപതോളം ബ്രാന്‍ഡുകളില്‍ 17ഉം മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അസോസിയേഷന്‍ ഹൈകോടതിയെ സമീപിച്ചത്. ഒരുമാസത്തിനകം തന്നെ നടപടിയെടുക്കണമെന്ന് ഭക്ഷ്യസുരക്ഷ കമീഷണറോട് കോടതി നിര്‍ദേശിച്ചു.

Top