മനില: പൊതുപരിപാടികളിലും സെമിനാറുകളിലും പങ്കെടുക്കാനെത്തുന്നവര്‍ക്ക് ശീതളപാനീയങ്ങള്‍ക്കു പകരം ഇളനീര്‍ നല്‍കണമെന്ന അഭ്യര്‍ഥനയുമായി ഫിലിപ്പൈന്‍ കോക്കനട്ട് അതോറിറ്റി(പി സി എ) രംഗത്ത്. ഫിലിപ്പൈന്‍സിലെ ദേശീയ എജന്‍സികളോടും പ്രാദേശിക സര്‍ക്കാരുകളോടുമാണ് കോക്കനട്ട് അതോരിറ്റി അഭ്യര്‍ഥന നടത്തിയിരിക്കുന്നത്.
നാളികേര കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി സി എ പുതിയ നീക്കവുമായി എത്തിയിരിക്കുന്നത്. മുപ്പതുലക്ഷത്തിലധികം കര്‍ഷകരാണ് ഫിലിപ്പൈന്‍സില്‍ നാളികേര മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. കൊപ്ര വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ ഏറെക്കാലമായി ബുദ്ധിമുട്ട് അനുഭവിച്ച് വരികയാണ്.
ആകെയുള്ള ജനസംഖ്യയില്‍ മൂന്നിലൊന്നു പേര്‍ ദിവസവും ഇളനീര്‍ കുടിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് അത് വലിയൊരു സഹായമായിരിക്കും എന്നാണ് പി സി എ ഈസ്റ്റേണ്‍ വിസയാസ് മാനേജര്‍ ജെഫ്രി ജി ലോസ് റെയെസ് വ്യക്തമാക്കുന്നത്.