കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് നാളെ തുടക്കം

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും സൈബര്‍ രംഗത്തെ പുത്തന്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സിന് നാളെ ( സെപ്ംബര്‍ 18 , വെള്ളി ) തുടക്കമാകും. സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാവിലെ 9.45 ന് ഉദ്ഘാടനം ചെയ്യുന്നതോടെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സ് ആരംഭിക്കും. ചടങ്ങില്‍ എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറും ഓര്‍ഗനൈസിങ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ മനോജ് എബ്രഹാം ഐപിഎസ് രണ്ട് ദിവസം നീളുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്യും. സംസ്ഥാന പൊലീസ് മേധാവിയും ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനുമായ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടനം ചടങ്ങില്‍ മുഖ്യാതിഥികളെ സ്വാഗതം ചെയ്യും.

ഇറ്റലിയിലെ കിങ് ഉമ്പര്‍ട്ടൊയുടെ ചെറുമകനും മൊണോകോ യുഗോസ്ലാവിയയുടെ പ്രിന്‍സ് പോളും ആയ എച്ച്.ആര്‍. എച്ച്. പ്രിന്‍സ് മൈക്കില്‍ ഡി യുഗോസ്ലാവി ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും, ജോബി ജോയ് (ഇസ്ര) നന്ദിയും പറയും. തുടര്‍ന്ന് പോളിസിബിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്ലസി പാഗിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കോവിഡാനന്തര കാലഘട്ടത്തിലെ സൈബര്‍ സുരക്ഷയെക്കുറിച്ച് പ്രഭാഷണം നടത്തും. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് സമകാലീന ഡിജിറ്റല്‍ സുരക്ഷാ അവസ്ഥകളെക്കുറിച്ചും, ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ സ്വകാര്യതാ വെല്ലുവിളികളെക്കുറിച്ചും കോണ്‍ഫറന്‍സില്‍ സംസാരിക്കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും സ്വദേശത്തു നിന്നുമുള്ള പ്രതിനിധികള്‍ക്ക് നേരിട്ട് എത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഇതിനകം ആറായിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

പ്ലയര്‍ ഹാക്കര്‍ എന്ന നിലയില്‍ ലോക ഖ്യാതി നേടിയ ക്രിസ് റൊബോര്‍ട്ട്, നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അജീത് ബാജ്പായ്, ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ഷിബുലാല്‍, യുണൈറ്റഡ് നാഷണല്‍ സൈബര്‍ ക്രൈം, ആന്റി മണി ലോന്‍ഡറിങ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് എന്‍ജെ വാല്‍ഷ്, ഫോര്‍വേഡ് ലുക്കിങ് ത്രെട്ട് റിസേര്‍ച്ച് സീനിയര്‍ റീസേര്‍ച്ച് ഡോ, ഫ്യോദര്‍ യാരൊച്കിന്‍ തുടങ്ങി പ്രമുഖരും രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കും

ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷന്‍, കാനഡയിലെ സൊസൈറ്റി ഫോര്‍ ദ പോലീസിങ് ഓഫ് സൈബര്‍ സ്‌പേസ് എന്നിവരുടെ സഹകരണത്തോടെയാണ് ഇത്തവണ കൊക്കൂണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. 19 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊലീസ് മേധാവിയും, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനുമായ ലോക്‌നാഥ് ബഹ്‌റ ഐപിഎസ്, ഓര്‍ഗൈനൈസിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവരും സംസാരിക്കും.

Top