ബാംഗ്ലൂര്‍: കടബാധ്യത കുറയ്ക്കാനായി ബാംഗ്ലൂര്‍ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ച് കഫേ കോഫി ഡേ. സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക് സ്റ്റോണിന് ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
90 ഏക്കറിലായി പരന്നുകിടക്കുന്ന ടെക് പാര്‍ക്കാണ് വില്‍ക്കുന്നത്.ഏതാണ്ട് 2,600 കോടിക്കും 3,000 കോടിക്കും ഇടയില്‍ മൂല്യമുളള ഇടപാടാണിതെന്നാണ് റിപ്പോര്‍ട്ട്.ഏകദേശം രണ്ട് മാസത്തിനുള്ളില്‍ വില്പന പൂര്‍ത്തീകരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ബാംഗ്ലൂര്‍ ഗ്ലോബല്‍ വില്‍ക്കുന്നതോടെ കഫേ കോഫീ ഡേയുടെ കടബാധ്യത പകുതിയായി കുറയുമെന്നാണ് സൂചന. മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം കോഫീ ഡേയുടെ കടബാധ്യത 7,653 കോടി രൂപയാണ്.
കഫേ കോഫീ ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തോടെയാണ് സിസിഡിയുടെ കടബാധ്യതയെപ്പറ്റി പുറംലോകം അറിയുന്നത്. ഇതേത്തുടര്‍ന്ന്, കടം തീര്‍ക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് കമ്പനിക്കകത്ത് നടക്കുന്നത്. ബ്ലാക്സ്റ്റോണുമായുള്ള ഇടപാട് വിജയിച്ചാല്‍ കോഫി ഡേയുടെ കടത്തില്‍ പകുതിയോളം കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.