അപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്ത് മന്ത്രി

പാലക്കാട്: കോയമ്പത്തൂര്‍ വാഹനപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ഗതാഗത വകുപ്പ് മന്ത്രിയുടെ യാത്ര. തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും സംഭവസ്ഥലത്തുമെത്തി സ്ഥിഗതികള്‍ വിലയിരുത്തിയ ഗതാഗത മന്ത്രി രാത്രിയോടെയാണ് പാലക്കാടെത്തിയത്. തുടര്‍ന്ന് 11 ന് പുറപ്പെട്ട സ്‌കാനിയ ബസില്‍ തിരുവന്തപുരത്തേക്ക് യാത്ര തിരിച്ചു.

കെഎസ്ആര്‍ടിസി നേരിടേണ്ടി വന്ന വലിയ ദുരന്തങ്ങളിലൊന്നാണ് കോയമ്പത്തൂര്‍ അവിനാശിയിലുണ്ടായ വാഹനപകടം. അപകടത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടമായത് മികച്ച സേവനത്തിന് കയ്യടി നേടിയ രണ്ട് മാതൃകാ ജീവനക്കാരെയാണ്. ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ ഗിരീഷും ബൈജുവുമാണ് അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍. അപകടത്തില്‍ മരിച്ചവരുടെ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ വൈകാരിക നിമിഷങ്ങളോടെയാണ് ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്.

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരായ വി ആര്‍ ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും മൃതദേഹം ഇന്നലെ രാത്രിയോടെ എറണാകുളത്ത് എത്തിച്ചു. കെഎസ്ആര്‍ടിസി സൗത്ത് ബസ് സ്റ്റേഷനില്‍ അല്‍പസമയം പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറികളിലേക്ക് മാറ്റി. എറണാകുളം ഡിപ്പോയിലെ കണ്ടക്ടര്‍ വി ആര്‍ ബൈജുവിന്റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ പിറവം വെളിയനാട് പേപ്പതിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഡ്രൈവര്‍ വി ഡി ഗിരീഷിന്റെ സംസ്‌കാര ചടങ്ങുകള്‍ 12 മണിയോടെ പെരുമ്പാവൂര്‍ ഒക്കലിലിലെ എസ്എന്‍ഡിപി ശ്മശാനത്തിലാണ് നടക്കുക. ബെംഗളൂരു ഐടി കമ്പനി ജീവനക്കാരിയും ഇടപ്പള്ളി സ്വദേശിനിയുമായ ഐശ്വര്യ, തൃപ്പൂണിത്തുറയിലെ ഗോപിക എന്നിവരുടെ സംസ്‌കാര ചടങ്ങുകളും ഇന്ന് രാവിലെ നടക്കും.

Top