സ്വരുകൂട്ടിയ സമ്പാദ്യത്തിന് കടലാസിന്റെ വില; നോട്ട് നിരോധനമറിയാതെ വൃദ്ധ സഹോദരിമാര്‍

കോയമ്പത്തൂര്‍: നിരോധിച്ച നോട്ടുകെട്ടുകള്‍ തങ്ങളുടെ മരണാനന്തര ക്രിയകള്‍ക്കായി കൂട്ടി വെച്ച് രണ്ട് വൃദ്ധ സഹോദരിമാര്‍. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. കിടപ്പിലായാല്‍ ബന്ധുക്കളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാതിരിക്കുക അതുമല്ലെങ്കില്‍ തങ്ങള്‍ മരിച്ചാല്‍ മരണാനന്തരക്രിയകള്‍ ഭംഗിയായി നടത്തുക ഇതിന് വേണ്ടിയാണ് സഹോദരിമാരായ തങ്കമ്മാളും രംഗമ്മാളും പണം സൂക്ഷിച്ചത്.

എന്നാല്‍ അവരെ ഏറ്റവും കൂടുതല്‍ തളര്‍ത്തിയത്‌ തങ്ങള്‍ സൂക്ഷിച്ച് വെച്ച പണത്തിന് കടലാസിന്റെ വില പോലും ഇല്ലെന്നതാണ്. കേന്ദ്രസര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് അസാധുവാക്കിയ 1000, 500 നോട്ടുകളായിരുന്നു പാവം സഹോദരിമാര്‍ ഇത്രയും കാലം കൈയ്യില്‍ സൂക്ഷിച്ചിരുന്നത്. നിരോധിച്ച നോട്ടകള്‍ കൂട്ടിവെച്ച് 46,000 രൂപയാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. 78-കാരി തങ്കമ്മാളും 75-കാരിയായ രംഗമ്മാളും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

ആയതിനാല്‍ നോട്ട് നിരോധിച്ച കാര്യമൊന്നും രണ്ട് പേരും അറിഞ്ഞിരുന്നില്ല. തങ്ങള്‍ക്ക് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ കാണാന്‍ വന്ന ബന്ധുക്കളോടാണ് തങ്ങള്‍ സൂക്ഷിച്ച്‌ വെച്ച പണത്തിന്റെ കാര്യം ഇവര്‍ പറഞ്ഞത്. തങ്കമ്മാള്‍ 22,000 രൂപയും രംഗമ്മാള്‍ 24,000 രൂപയുമാണ് സൂക്ഷിച്ച് വെച്ചിരുന്നത്.

Top