കോയമ്പത്തൂര്‍: മലയാളി ഉള്‍പ്പടെ ആറ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ് നാട്ടില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ തീവ്രവാദി സംഘത്തിന് സഹായം നല്‍കിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. തിരുവാരൂരില്‍ കഴിഞ്ഞ ദിവസം പത്ത് പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം തമിഴ്‌നാട്ടിലേക്കു 6 ലഷ്‌കറെ തയിബ ഭീകരര്‍ നുഴഞ്ഞുകയറിയെന്നു സ്ഥിരീകരിച്ചതോടെ പൊലീസ് കര, വ്യോമ സേനകളുടെ സഹായം തേടി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരാകണമെന്ന സന്ദേശം സൈന്യത്തിനു കൈമാറിയതായി കോയമ്പത്തൂര്‍ പൊലീസ് കമ്മിഷണര്‍ സുമിത് ശരണന്‍ അറിയിച്ചു.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരില്‍ മാത്രമായി വിന്യസിച്ചിരിക്കുന്നത്.
ഭീകരര്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ ഒരുക്കിയത് തൃശൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു
തൃശൂര്‍ സ്വദേശിയ്‌ക്കൊപ്പമുള്ള സ്ത്രീയെ പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ സ്വദേശിക്കൊപ്പം വിദേശത്തു നിന്നും വന്നതാണ് ഇവര്‍.
വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡിന്റെ പരിശോധന തുടരുകയാണ്. ചെന്നൈയുള്‍പ്പെടെയുള്ള തമിഴ്നാടിന്റെ പ്രധാന നഗരങ്ങളിലെല്ലാം പൊലീസിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാണ്.
ഒരു പാക്കിസ്ഥാന്‍ പൗരന്‍ ഉള്‍പ്പെടെ ആറ് പേര്‍ കടല്‍ മാര്‍ഗം തമിഴ്നാട്ടില്‍ എത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീലങ്കയില്‍ നിന്ന് കടല്‍ മാര്‍ഗമെത്തിയ ഇവര്‍ കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.