വിറങ്ങലിച്ച് ഉത്തരേന്ത്യ; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി

ഡൽഹി: ഉത്തരേന്ത്യയിൽ കൊടും ശൈത്യവും മൂടൽ മഞ്ഞും തുടരുന്നു. ഇതേത്തുടർന്ന് നാലു സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. അതിശൈത്യം രണ്ടു മൂന്നു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഡൽഹിയിൽ സ്‌കൂളുകൾക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിലെ കാൺപൂരിൽ സ്‌കൂളുകൾക്ക് ഈ മാസം 14 വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ടും, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയിൽ 48 മണിക്കൂർ കൂടി കനത്ത മൂടൽ മഞ്ഞ് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഡൽഹിയിൽ കുറഞ്ഞ താപനില 1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ പലയിടത്തും രണ്ടു ദിവസമായി രണ്ടു മുതൽ നാലു ഡിഗ്രി വരെയാണ് കഴിഞ്ഞ രണ്ടു ദിവസമായി താപനില.

ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും തുടരുന്നത് വ്യോമ, തീവണ്ടി ഗതാഗതത്തെ ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഇന്നലെ 88 തീവണ്ടികൾ റദ്ദാക്കി. 335 എണ്ണം വൈകിയോടുന്നു. ഞായറാഴ്ച ഡൽഹിയിൽ നിന്നുള്ള 25 വിമാനങ്ങളും വൈകിയിരുന്നു. രണ്ടുദിവസം കൂടി ശൈത്യം തരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്.

പഞ്ചാബിലെ ഭട്ടിൻഡയിലും യുപിയിലെ ആഗ്രയിലും കാഴ്ചപരിധി പൂജ്യമായിരുന്നു. കാഴ്ചപരിധി പൂജ്യത്തിനും അമ്പതിനുമിടയിലാണെങ്കിൽ വളരെ കനത്ത മൂടൽമഞ്ഞായി കണക്കാക്കും.കൊടുംതണുപ്പിൽ അധികനേരം തുടരുന്നത് ഫ്രോസ്റ്റ്‌ബൈറ്റിന് (ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം) കാരണമായേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വൈറ്റമിൻ സി കൂടുതലുള്ള പഴങ്ങൾ കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Top