തിരുവനന്തപുരം: കഴിഞ്ഞ 30 വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ കേരളത്തില്‍ അനുഭവപ്പെടുന്നത് ഏറ്റവും കൂടിയ തണുപ്പാണ്. മൂന്നാറില്‍ മൈനസ് മൂന്ന് ഡിഗ്രി വരെ എത്തിയിരിക്കുകയാണ് തണുപ്പ്. ശബരിമലയില്‍ 16ഡിഗ്രിയാണ് തണുപ്പ്.
സാധാരണ ജനമേഖലകളില്‍ പുനലൂരിലാണ് ഈ വര്‍ഷത്തെ റെക്കോഡ് തണുപ്പ് അനുഭവപ്പെടുന്നത്. 16.2 ഡിഗ്രിയാണ്. മുപ്പതു വര്‍ഷം മുമ്പ് കോട്ടയത്ത് രേഖപ്പെടുത്തിയ 17 ഡിഗ്രിയായിരുന്നു ഈ കാലയളവിലെ ഏറ്റവും കൂടിയ തണുപ്പ്.
ഡിസംബറില്‍ തുടങ്ങിയ ശൈത്യകാലം ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. 19ഡിഗ്രിയാണ് ശരാശരി കുറഞ്ഞ താപനില. ഈ വര്‍ഷം നാലു ഡിഗ്രിയോളം കുറഞ്ഞു. പുനലൂരില്‍ 4.4, കോട്ടയത്ത് 4.1, തിരുവനന്തപുരത്ത് 1.2 എന്ന തരത്തിലാണ് താപനില കുറഞ്ഞിരിക്കുന്നത്.
കണ്ണൂര്‍, ആലപ്പുഴ, കോട്ടയം,കോഴിക്കോട് മേഖലകളില്‍ കടുത്ത തണുപ്പാണ്. എന്നാല്‍, കടുത്ത തണുപ്പില്‍ ആളുകള്‍ക്കുണ്ടായ പലതരം ആശങ്കകളും തള്ളിക്കളയുകയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍. കുറഞ്ഞ താപനിലയ്ക്ക് പ്രളയവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. വരള്‍ച്ചയുടെ മുന്നോടിയാണെന്ന പ്രചാരണവും കാലാവസ്ഥ വിദഗ്ദ്ധര്‍ തള്ളി കളയുകയാണ്. മേഘങ്ങള്‍ വ്യാപിച്ചാല്‍ തണുപ്പു കുറയുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
എന്നാല്‍, പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി വഴിയെത്തിയ പടിഞ്ഞാറന്‍ കാറ്റാണ് ഇപ്പോഴത്തെ തണുപ്പിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ഈ കാറ്റ് വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് വീശാറുള്ളത്. എന്നാല്‍ ഇത്തവണ അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമെത്തി. ഈ വരണ്ട കാറ്റ് പശ്ചിമഘട്ട പര്‍വ്വതനിരകള്‍ ആഗിരണം ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാണ് തണുപ്പു കൂടാന്‍ കാരണമായിരിക്കുന്നത്.