കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജില്‍ ഉണ്ടായ വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നതില്‍ വിമര്‍ശനം ഉന്നയിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് എന്ന നിലയിലാണ് കാര്യങ്ങളെന്നും ഇത് പി.എസ്.എസി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
രാജ്യത്തിനാകെ മാതൃകയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതാണ് കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മീഷനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പബ്ലിക് സര്‍വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് തുടങ്ങിയെന്ന് പറഞ്ഞാല്‍ അത് അത്ഭുതകരമായ സംഭവമാണ്. ഇത് കേട്ടുകേഴ്വിയില്ലാത്തതാണ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. വിശ്വാസ്യതയ്ക്ക് പേരുകേട്ട പിഎസ്സിക്ക് എന്തുപറ്റിയെന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.