കൊച്ചി: ബത്തേരി കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സത്യം തെളിയണമെന്നും സി.കെ ജാനു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയില്‍ ശബ്ദ സാംപിളുകള്‍ നല്‍കാന്‍ എത്തിയപ്പോഴായിരുന്നു ജാനുവിന്റെ പ്രതികരണം.
കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ജാനു, ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍, ആരോപണം ഉന്നയിച്ച ജെആര്‍പി നേതാവ് പ്രസീത എന്നിവരുടെ ശബ്ദ സാംപിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ബത്തേരി കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. നേരത്തേയും പ്രസീതയുടെ ശബ്ദസാംപിള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനു ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ 35 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ജെആര്‍പി നേതാവ് പ്രസീതയുടെ ആരോപണം. പണം കൈമാറുന്നതിനായി നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളും ഇവര്‍ പുറത്തുവിട്ടു. ഇതോടെയാണ് സുരേന്ദ്രനെ ഒന്നാം പ്രതിയും ജാനുവിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തത്.
സുരേന്ദ്രന്‍ തിരുവനന്തപുരത്തുവച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും ജാനുവിനു കൈമാറിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. ബത്തേരിയില!!െ ഹോംസ്റ്റേയില്‍ മാര്‍ച്ച് 26ന് 25 ലക്ഷം രൂപ പൂജാ സാധനങ്ങള്‍ എന്ന വ്യാജേന ജാനുവിനു കൈമാറിയെന്നു പറയുന്നു.
ഈ പണം തിരഞ്ഞെടുപ്പു പ്രചാരണത്തിനു പകരം ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും പ്രസീത പറഞ്ഞു. ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രസീതയ്‌ക്കൊപ്പം ഒന്നാം പ്രതി കെ.സുരേന്ദ്രനും ശബ്ദ സാംപിള്‍ നല്‍കാന്‍ എത്തിയിരുന്നു.