കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം. സ്‌കൂള്‍ കുട്ടികള്‍ റോഡ് ഷോയില്‍ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം തുടങ്ങിയെന്ന് അറിയിച്ചത്. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്.
പിന്നാലെ അന്വേഷണം തുടങ്ങുകയായിരുന്നു. സ്വകാര്യ സ്‌കൂളിലെ 50-തോളം കുട്ടികള്‍ യൂണിഫോം ധരിച്ച് റോഡ് ഷോയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തക എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവം പരിശോധിക്കുമെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദേശം ഉണ്ടെന്നും ചീഫ് എജ്യുക്കേഷന്‍ ഓഫീസര്‍ എം. ബാലമുരളി ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു.