തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി രാപകലില്ലാതെ ജോലി ചെയ്ത കണ്ണന്‍ ഗോപിനാഥ് ഐഎഎസിന് അഭിനന്ദനവുമായി കളക്ടര്‍ ബ്രോ എന്‍.പ്രശാന്തും രംഗത്ത്. ഒരു ബാഗും തോളത്തിട്ട് വിയര്‍ത്തൊലിച്ച് കാണാന്‍ വന്ന് കേറിയപ്പോള്‍ ഒരത്ഭുതവും തോന്നിയില്ലെന്നും, വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരനും ജനസമ്മതനുമായ ഓഫീസറായിരുന്നു കണ്ണനെന്നും കളക്ടര്‍ ബ്രോ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടന്ന കാക്കനാട് കെബിപിഎസ് പ്രസ്സില്‍ അഹോരാത്രം പണിയെടുത്തവരുടെ ഒപ്പം ഒരു ഐഎഎസ് ഓഫീസറുമുണ്ടായിരുന്നു. ദാദ്ര നഗര്‍ ഹവേലി കലക്ടറായ കണ്ണന്‍ ഗോപിനാഥനാണ് സ്വന്തം നാടിന്റെ ദുരിതമറിഞ്ഞപ്പോള്‍ സന്നദ്ധപ്രവര്‍ത്തനത്തിന് ലീവെടുത്ത് എത്തിയത്.
ജോലിയില്‍ നിന്ന് ലീവെടുത്ത് മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത ശേഷമാണ് അടുത്ത ദിവസം എറണാകുളത്ത് എത്തിയത്.
ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. എന്നിട്ടും എല്ലാവരും നോക്കി നില്‍ക്കെ അദ്ദേഹം വീണ്ടും പണിയില്‍ മുഴുകി.
സ്വന്തം ബാച്ചുകാരന്‍ ജില്ലാ കലക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ട് പോലും ആരോടും താന്‍ ആരെന്ന് വെളിപ്പെടുത്താതെ തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് കണ്ണന്‍ ഗോപിനാഥന്‍ എറണാകുളത്ത് എത്തിയത്.
ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും കലക്ടര്‍ അതെല്ലാം സ്നേഹപൂര്‍വ്വം നിരസിച്ചു. 2012 ബാച്ച് ഐ എ എസ് കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ലീവെടുത്ത് സന്നദ്ധപ്രവര്‍ത്തനം ചെയ്യുന്നത് സ്വീകരണം കിട്ടാനല്ല- നല്ലൊരു ബോസ്സ് ആ ലീവ് ഒഫീഷ്യല്‍ ടൂറാക്കും- അത്രയൊക്കെ മതി. Kannan ഒരു ബാഗും തോളത്തിട്ട് വിയര്‍ത്തൊലിച്ച് കാണാന്‍ വന്ന് കേറിയപ്പോള്‍ ഒരല്‍ഭുതവും തോന്നിയില്ല. വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരനും ജനസമ്മതനുമായ ഓഫീസറായിരുന്നു കണ്ണന്‍. കണ്ണന്‍ ഈസ് ലൈക് ദാറ്റ്. ഇപ്പോള്‍ സില്‍വാസ്സയില്‍.
മറൈന്‍ ഡ്രൈവില്‍ Harish നെ കാണാന്‍ ഇറക്കി യാത്ര പറഞ്ഞപ്പോള്‍ കണ്ട ജെനുവിന്‍ ചിരിയിലുണ്ട് എല്ലാം.