തിരുവനന്തപുരം : കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്തും എം.പി. എം.കെ. രാഘവനും തമ്മിലുള്ള പോരിന് വിരാമമായ മാപ്പ് പറച്ചിലിന് കളക്ടറെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ക്കശ നിലപാട്.
തനിക്കെതിരെ കളക്ടര്‍ ഫേസ്ബുക്ക് പേജില്‍ ‘കുന്നംകുളം മാപ്പിട്ട്’ പരിഹസിച്ച നടപടിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം.പി. നേരിട്ട് പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ച ഉടനെ തന്നെ ചീഫ് സെക്രട്ടറിക്ക് കൈമാറിയ പിണറായി നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പിണറായിയുമായി അടുത്ത ബന്ധമുള്ള കളക്ടര്‍ പ്രശാന്തിനെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രിയുടെ നടപടി സി.പി.എം നേതൃത്വത്തെയും ഐ.എ.എസ് ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയിരുന്നു. നിയമവും നടപടികളും അതിന്റെ വഴിക്ക് പോവുമെന്നും ഒരു ഇടപെടലും സ്വാധീനവും നടക്കില്ലെന്നുമുള്ള പിണറായിയുടെ പ്രഖ്യാപനം പാഴ്‌വാക്കില്ലന്ന് തെളിയിക്കുന്ന നടപടിയായിരുന്നുവത്.
ഇതോടെ പണിപാളിയെന്ന് കണ്ടപ്പോഴാണ് മാപ്പ് അപേക്ഷയുമായി കളക്ടര്‍ പരസ്യമായി രംഗത്ത് വന്നത്.
എം.പി യോട് നിരുപാധികമായി മാപ്പ് പറഞ്ഞ് ഫേസ് ബുക്കില്‍ പോസ്റ്റിട്ട കളക്ടറുടെ നടപടി സ്വാഗതം ചെയ്ത എം.പി.യും വിവാദം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
ഈയൊരു സാഹചര്യത്തില്‍ ഇനി കളക്ടര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് സൂചന. അതേ സമയം സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി മാത്രം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ എം.പി കടുത്ത നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ പറയുന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്ന മുഖ്യമന്ത്രിയുടെ ഇടപെടലും തുടര്‍ന്നുള്ള കളക്ടറുടെ മാപ്പപേക്ഷയുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഭരണത്തിലിരിക്കെ കളക്ടര്‍ പ്രശാന്തിനെതിരെ മുഖ്യമന്ത്രിയോടും റവന്യുമന്ത്രിയോടും നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്നിടത്ത് ഇടത് സര്‍ക്കാരും പിണറായിയും സ്വീകരിച്ച ഇടപെടലില്‍ മനം നിറഞ്ഞിരിക്കുകയാണ് എം.പി എം.കെ രാഘവന്‍.
ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി പരിഗണിച്ചിരുന്നത് പ്രശാന്തിനെയായിരുന്നു. യു.ഡി.എഫ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു എന്ന ഒറ്റ കാരണത്താലാണ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുമായും സിപിഎം നേതൃത്വവുമായുള്ള വ്യക്തിബന്ധം തുടര്‍ന്നിരുന്നു.
കോഴിക്കോട് കളക്ടറോടുള്ള സമീപനം ഉദ്യോഗസ്ഥര്‍ക്കുള്ള മുഖ്യമന്ത്രിയുടെ വ്യക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
കളങ്കിതരും വിജിലന്‍സ് കേസില്‍ പ്രതികളുമായ ഐപിഎസ് ഓഫീസര്‍മാര്‍ പിആര്‍ കമ്പനിയെ കൂട്ടുപിടിച്ചും സ്വന്തം ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കിയും നടത്തുന്ന നിയമവിരുദ്ധ നീക്കങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ഈ നിലപാട്.