പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഹോട്ടലുകളില്‍ അമിത വില ഈടാക്കിയവര്‍ക്കെതിരെ നടപടിയുമായി പത്തനംതിട്ട കളക്ടര്‍ എ ഷിബു. കടകളില്‍ വലിയ രീതിയില്‍ വില വ്യത്യാസം മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സന്നിധാനത്തെ ഒരു ഭക്ഷണശാലയില്‍ 4 മസാല ദോശ വാങ്ങിയ തീര്‍ത്ഥാടകര്‍ക്ക് നല്‍കിയത് 360 രൂപയുടെ ബില്ലാണ്. മകരവിളക്ക് മണ്ഡലവിളക്ക് തീര്‍ത്ഥാടന കാലത്തേക്ക് നിശ്ചയിച്ച വില അനുസരിച്ച് 228 രൂപ മാത്രം വാങ്ങാന്‍ അനുമതിയുള്ളപ്പോഴാണ് അമിത വില ഈടാക്കിയത്. മസാല ദോശയ്ക്ക് ചമ്മന്തി നല്‍കിയതിനാലാണ് അമിത വിലയെന്ന് ന്യായം പറഞ്ഞ ഹോട്ടലിന് കളക്ടര്‍ പിഴയിട്ടു.
പല ഹോട്ടലുകളിലും തീര്‍ത്ഥാടകരില്‍ നിന്ന് അമിത വില ഈടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 15 രൂപയുടെ പൊറോട്ടയ്ക്ക് 20ഉം 48 രൂപയുടെ പീസ് കറിക്ക് 60ഉം, 49 രൂപയുടെ നെയ്‌റോസ്റ്റിന് 75 രൂപയും 14 രൂപയുടെ പാലപ്പത്തിന് 20 ഉം ഈടാക്കിയെന്ന് മിന്നല്‍ പരിശോധനയില്‍ വ്യക്തമായി. പാത്രക്കടകളിലും സമാനമായ തട്ടിപ്പ് നടക്കുന്നതായി പരിശോധനയില്‍ വ്യക്തമായി. അമിത വില ഈടാക്കിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസും പിഴയും ഈടാക്കിയാണ് കളക്ടര്‍ മടങ്ങിയത്.