മലപ്പുറം: ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച ചെക്ക് ഡാം പൊളിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വിഭാഗത്തിന് ഡാം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കളക്ടര്‍ അമിത് മീണ വ്യക്തമാക്കി.
എട്ടുമാസം മുമ്പ് കളക്ടര്‍ നല്‍കിയ ഉത്തരവ് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് വൈകിപ്പിക്കുകയായിരുന്നെന്ന് പരാതിയുണ്ടായിരുന്നു.
ഡാം പൊളിക്കാന്‍ മുന്‍ ജില്ലാ കളക്ടര്‍ ടി. ഭാസ്‌കരന്‍ ആണ് ആദ്യം ഉത്തരവിട്ടത്.
എന്നാല്‍, ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പിഡബ്ല്യൂഡി അധികൃതര്‍ വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷന്‍ ഡിപ്പാര്‍മെന്റിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
അന്‍വര്‍ അനധികൃതമായി നിര്‍മിച്ച അമ്യൂസ്‌മെന്റ് പാര്‍ക്ക് വിവാദമായതിനിടെയാണ് കളക്ടറുടെ ഉത്തരവ് പുറത്ത് വരുന്നത്.
അതേസമയം, പി.വി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കായ പിവിആര്‍ എന്റര്‍ടെയ്ന്‍മെന്റ് നാച്ചുറല്‍ പാര്‍ക്കിന് പിന്തുണയുമായി സിപിഎം രംഗത്ത്.
കക്കാടംപൊയിലില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം അനിവാര്യമാണെന്നും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പാര്‍ക്ക് സഹായിച്ചെന്നുമുള്ള വിലയിരുത്തലിലാണ് പ്രാദേശിക സിപിഎം നേതൃത്വം.
ഇതുസംബന്ധിച്ചു കൂടരഞ്ഞി ലോക്കല്‍ കമ്മിറ്റി പാര്‍ട്ടിക്കു റിപ്പോര്‍ട്ട് നല്‍കി.