കൊച്ചി: കോടതി ഉത്തരവ് പ്രകാരം മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്‌ലാറ്റുകളില്‍ മൂന്നെണ്ണവും വിജയകരമായി പൊളിച്ചു. അധികൃതരെല്ലാവരും പൂര്‍ണ്ണ സംതൃപ്തരാണെന്ന് കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. കായലില്‍ ഫ്‌ലാറ്റിന്റെ അവശിഷ്ടങ്ങള്‍ വീണിട്ടില്ലെന്നും വീടുകള്‍ സുരക്ഷിതമെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം പൊളിക്കാനിരുന്ന ഫ്‌ലാറ്റുകളില്‍ വലിയ ഫ്‌ലാറ്റ് സമുച്ചയമാണ് ജെയിന്‍ കോറല്‍ കോവ്. എന്നാല്‍ ഒരു അപകടവും കൂടാതെ വളരെ ഭംഗിയായി തന്നെ ഫ്‌ലാറ്റ് പൊളിച്ചു. മികച്ച ഏകോപനമാണ് ഈ വിജയത്തിന് പിന്നില്‍ എന്നാണ് കമ്മീഷണര്‍ വിജയ് സാക്കറെ പ്രതികരിച്ചത്.
രണ്ടാം ദിവസത്തില്‍ നിയന്ത്രിത സ്‌ഫോടനം നിശ്ചയിച്ചിരുന്ന രണ്ട് ഫ്‌ലാറ്റുകളില്‍ ആദ്യത്തേതാണ് തകര്‍ന്ന് വീണത്. തൊട്ടടുത്ത് കായലായതിനാല്‍ കായലിലേക്ക് ഫ്‌ലാറ്റിന്റെ അവശിഷ്ടങ്ങള്‍ പരമാവധി കുറച്ച് വീഴുന്ന വിധത്തിലാണ് സ്‌ഫോടനം ക്രമീകരിച്ചിരുന്നത്. ഫ്‌ലാറ്റിന് ചുറ്റും കായല്‍ ചുറ്റിവരുന്നത് പോലെയാണ് ഇവിടുത്തെ ഭൂപ്രകൃതി. അതുകൊണ്ടുതന്നെ കായലിന് അപ്പുറത്ത് ഫ്‌ലാറ്റിന് അടുത്തുള്ള തുറസായ സ്ഥലത്തേക്ക് റെയിന്‍ ഫാള്‍ മാതൃകയില്‍ ചെരിഞ്ഞ് അമരുന്ന രീതിയിലായിരുന്നു സ്‌ഫോടനം.
കണ്ടു നിന്ന നാട്ടുകാര്‍ പോലും വളരെ അതിശയത്തോടെ ആണ് പൊളിഞ്ഞു വീണ ഫ്‌ലാറ്റിന്റെ അവശിഷ്ടങ്ങള്‍ നോക്കി കണ്ടത്. ചിതറി തെറിക്കാതെ ആരോ അടുക്കിവെച്ചത് പോലെ ആയിരുന്നു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്.
ജെയിന്‍കോറല്‍കോവ് സമുച്ചയം 45 ഡിഗ്രി ചെരിച്ച് പൊളിച്ചിടുക എന്നതായിരുന്നു ലക്ഷ്യം. അത് 100 ശതമാനം കൃത്യതയോടെ നടപ്പാക്കാന്‍ എഡിഫൈസ് കമ്പനിക്ക് സാധിച്ചു. ഫ്‌ലാറ്റില്‍ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത്. ആദ്യം വൈദ്യുതി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയ ശേഷം ടൈമര്‍ ഉപയോഗിച്ച് വലിയ സ്‌ഫോടനം നടത്തി. ആറ് സെക്കന്റ് കൊണ്ട് ജെയിന്‍ കോറല്‍ കോവ് കോണ്‍ക്രീറ്റ് കൂമ്പാരമായി മാറി.