തോട്ടഭൂമിയില്‍ ക്വാറി ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് പ്രതികൂട്ടിലാകുന്നു. നിപ ഭീഷണി ഉയര്‍ന്ന കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സോഷ്യല്‍ മീഡിയയില്‍ ജോസേട്ടനായി തിളങ്ങിയ കളക്ടറാണ് ക്വാറി മാഫിയക്ക് കോടികള്‍ സമ്പാദിക്കാന്‍ അഴിമതി നടത്തി വിവാദത്തിലാകുന്നത്.
ഭൂപരിഷ്‌ക്കരണത്തില്‍ ഇളവു ലഭിച്ച തോട്ടഭൂമി പ്ലാന്റേഷന്‍ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. തേനരുവി പ്ലാന്റേഷന്റെ ഭാഗമായ ഭൂമിയിലാണ് ക്വാറിക്ക് അനുമതി നല്‍കിയിരുന്നത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ഡിസ്ട്രിക് എന്‍വയോമെന്റ് ഇംപാക്റ്റ് അസസ്‌മെന്റ് അഥോറിറ്റിയാണ് നിയമം ലംഘിച്ച് പാരിസ്ഥിതിക അനുമതിയും ക്വാറി അനുമതിയും നല്‍കിയത്. ഈ അനുമതി വച്ചാണ് കൂടരഞ്ഞി പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെയും മറികടന്ന് ലൈസന്‍സ് അനുവദിച്ചിരുന്നത്.
സാങ്കേതിക വിദഗ്ദ്ധനില്ലാത്തതിനാല്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ഡിസ്ട്രിക് എന്‍വയോമെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അഥോറിറ്റിയെ തന്നെ ദേശീയ ഹരിത ട്രൈബ്യൂണല്‍ മുന്‍പ് റദ്ദാക്കിയതാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് യു.വി ജോസ് കളക്ടറായിരിക്കെ കഴിഞ്ഞ കാലവര്‍ഷത്തില്‍ കോഴിക്കോട് ജില്ലാ ദുരന്തനിവാരണ സമിതി അടച്ചുപൂട്ടിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും 400 മീറ്റര്‍ അകലെയാണ് ഈ ക്വാറി പ്രവര്‍ത്തിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 1,800 അടി ഉയരമുള്ള സ്ഥലം പരിസ്ഥിതി റിപ്പോര്‍ട്ടില്‍ കേവലം 500 അടി ഉയരം മാത്രമായാണ് രേഖപ്പെടുത്തിയത്. രണ്ട് സ്വാഭാവിക നീരുറവകള്‍ ഉല്‍ഭവിക്കുന്ന സ്ഥലത്താണ് ഖനനത്തിന് അനുമതി നല്‍കിയിട്ടുള്ളത്. കടുത്ത വേനലില്‍പോലും ക്വാറിക്ക് മുകളിലും മാഗസിനടുത്തുമായി രണ്ട് നീരുറവകളിലൂടെ വെള്ളം ഒഴുകാറുണ്ട്. ഈ നീരുറവയാണ് പ്രദേശത്തെ നൂറുകണക്കിന് നാട്ടുകാര്‍ കുടിവെള്ളമായി ഉപയോഗിച്ചു വന്നിരുന്നത്.
സ്വാഭാവിക നീരുറവയുള്ള പ്രദേശങ്ങളില്‍ ഖനനത്തിന് അനുമതി നല്‍കാന്‍ പാടില്ല. എന്നാല്‍ പരിസ്ഥിതി റിപ്പോര്‍ട്ടില്‍ ഈ നീരുറവകളുടെ കാര്യമേ മിണ്ടുന്നില്ല. നീരുറവകളുടെ ഗതിതന്നെ ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. രണ്ടു വശവും നിത്യഹരിത വനഭൂമി അതിരായുള്ള മേഖലയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. കോടമഞ്ഞും തണുപ്പുമായി ഊട്ടിക്ക് സമാനമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. വന്യജീവികളുടെ സാന്നിധ്യവും ഈ വനമേഖലയിലുണ്ട്. എന്നാല്‍ ഇവിടെ തത്ത മാത്രമേ ഉള്ളൂവെന്നാണ് പരിസ്ഥിതി റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നത്.
ക്വാറിയുടെ മാഗസിന്‍ അനുവദിക്കുന്നതിനായുള്ള റിപ്പോര്‍ട്ടില്‍ രണ്ട് തോടുകള്‍ ഉത്ഭവിക്കുന്ന പരിസ്ഥിതി ലോലപ്രദേശത്ത് മാഗസിന്‍ അനുവദിക്കരുതെന്ന് കൂടരഞ്ഞി വില്ലേജ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അതും മറച്ചുപിടിച്ചാണ് അനുമതി കൊടുത്തിരിക്കുന്നത്.
ക്വാറിയിലേക്ക് എട്ടു മീറ്റര്‍ വീതിയില്‍ റോഡ് വേണമെന്നാണ് ചട്ടം. അപകടമുണ്ടായാല്‍ രണ്ട് ഫയര്‍ ഫൈറ്റര്‍ വാഹനങ്ങള്‍ക്ക് യഥേഷ്ടം കടന്നുപോകാനുള്ള സൗകര്യത്തിനു കൂടിയാണിത്. എന്നാല്‍ ക്വാറിയിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം സ്വകാര്യ വഴിയാണുള്ളത്. ടാറുപോലും ചെയ്യാത്ത കേവലം മൂന്നു മീറ്റര്‍ മാത്രം വീതിയിലാണ് മണ്‍റോഡുള്ളത്. ചിലയിടങ്ങളില്‍ മാത്രമാണ് വശങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. ഈ റോഡിലൂടെയാണ് 20തും 40തും ടണ്‍ ഭാരം വഹിക്കാവുന്ന ടോറസ് ലോറികളില്‍ കരിങ്കല്ലുകള്‍ കൊണ്ടുപോകുന്നത്. കോഴിക്കോട് ജില്ലയ്ക്കകത്തും പുറത്തേക്കുമായി വന്‍തോതിലാണ് ഇവിടെ നിന്നും കല്ലുകള്‍ കൊണ്ടുപോയി കൊണ്ടിരിക്കുന്നത്.
യു.വി ജോസ് പരിശോധനക്കെത്തിയപ്പോള്‍ റോഡിന് വീതിയില്ലാത്തതും കുടിവെള്ളം ഇല്ലാതാകുന്നതും അടക്കമുള്ള പ്രശ്‌നങ്ങളുയര്‍ത്തി സമീപവാസികള്‍ വാഹനം തടഞ്ഞ് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇവയൊന്നും പരിഗണിക്കാതെയാണ് വഴിവിട്ട് അനുമതി നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് റോഡുകളിലൂടെ ടോറസ് ലോറികള്‍ ഓടിക്കാനേ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇവിടെ പഞ്ചായത്ത് റോഡിലൂടെയും സ്വകാര്യ റോഡിലൂടെയുമാണ് അമിതഭാരവും വഹിച്ച ടോറസ് ലോറികള്‍ ചീറിപ്പായുന്നത്.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ക്വാറിയുടെ പ്രവര്‍ത്തനം. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ സര്‍വീസ് നടത്തരുതെന്ന വിലക്കും ഇവര്‍ക്ക് ബാധകമല്ല. ഭാരമേറിയ ടിപ്പര്‍ ലോറികള്‍ ഓടി കൂടരഞ്ഞി കൂമ്പാറ റോഡ് തകര്‍ന്നിട്ടുണ്ട്. വിലകുറച്ചും കമ്മീഷന്‍ നല്‍കിയും പരമാവധി ഓര്‍ഡര്‍ പിടിച്ചാണ് ഇവിടെ നിന്നും വന്‍തോതില്‍ കല്ലുകള്‍ കടത്തുന്നത്. പ്രതിഷേധം ഉയര്‍ത്തുന്നവരെ ഗുണ്ടാസംഘത്തെ ഇറക്കി ഭീഷണി മുഴക്കി നിശബ്ദരാക്കും. കോഴിക്കോട്- മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് മാധ്യമങ്ങളുടെ ശ്രദ്ധ ചെെന്നത്താത്ത കുടിയേറ്റ കര്‍ഷകരുടെ ഗ്രാമത്തിലെ നിയമലംഘനം പുറത്തറിയില്ലെന്ന ധൈര്യമാണ് ഈ മാഫിയക്കുള്ളത്.
ക്വാറിയില്‍ വെടിമരുന്നും മറ്റും കലര്‍ന്ന മലിനമായ ജലം ശുദ്ധീകരിക്കാതെയാണ് താഴേയ്ക്ക് ഒഴുക്കിവിടുന്നത്. നിരവധി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ജലവിതരണ പദ്ധതിയുള്ള ചെറുപുഴയിലും ചാലിയാറിലും രാസമാലിന്യങ്ങളുള്ള മലിനജലമെത്തുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. ക്വാറിയില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനം ഒരുക്കേണ്ടതായിരുന്നു. എന്നാല്‍ ക്വാറിമാഫിയയുടെ പണക്കൊഴുപ്പിനും ഉന്നതബന്ധങ്ങള്‍ക്കും മുന്നില്‍ ഈ നിയമങ്ങളെല്ലാം വഴിമാറുകയാണ്.
കഴിഞ്ഞ ദിവസം സ്വകാര്യ റോഡിലൂടെ കാറിലെത്തിയ തേനരുവിയിലെ താമസക്കാരായ നിര്‍മ്മല ചാണ്ടിയെയും മകന്‍ റോക്കി ചാണ്ടിയെയും ക്വാറി ഉടമയും സംഘവും തടഞ്ഞു നിര്‍ത്തി ഭീഷണി മുഴക്കിയിരുന്നു. ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ റോക്കി ചാണ്ടിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ ഗുണ്ടായിസം കാണിച്ചാണ് ക്വാറി മാഫിയ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത്. ക്വാറി പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ കുടിവെള്ളം കിട്ടാതായത് സംബന്ധിച്ച് പരാതി പറയാന്‍പോലും പേടിക്കുകയാണ് ഇവിടുത്തെ കുടിയേറ്റ കര്‍ഷക കുടുംബങ്ങള്‍.
കക്കാടംപൊയില്‍ മേഖലയില്‍ ഇപ്പോള്‍ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം എട്ടു വലിയ ഉരുള്‍പൊട്ടലുകളാണ് സമീപ പ്രദേശങ്ങളിലുണ്ടായത്. ഭീതിയോടെയാണ് കള്ളിപ്പാറ, പീടികപ്പാറ, കൂമ്പാറ തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ നിലവില്‍ കഴിയുന്നത്. ഉരുള്‍പൊട്ടല്‍ പ്രദേശത്ത് നിയമം ലംഘിച്ച് അനുമതി നല്‍കിയ തേനരുവി ക്വാറിയുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തി വയ്ക്കണമെന്നും ക്വാറിക്ക് അനുമതി നല്‍കിയതിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തു വന്നിട്ടുണ്ട്.
അന്വേഷണം നടന്നാല്‍ ക്വാറിക്ക് അനുമതി നല്‍കിയ മുന്‍ കളക്ടര്‍ യു.വി ജോസ് കൂടി പ്രതിക്കൂട്ടിലാകുമെന്നതിനാല്‍ ക്വാറിക്കെതിരായ പരാതികളില്‍ കളക്ടറേറ്റില്‍ ഇപ്പോള്‍ നടപടി വൈകിപ്പിക്കുകയാണ്. കട്ടിപ്പാറയിലെ 14പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ മറന്ന് അതീവ പരിസ്ഥിതിലോല പ്രദേശത്തെ നിയമലംഘനത്തിനാണ് ഉദ്യോഗസ്ഥര്‍ കുടപിടിക്കുന്നത്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന നിലപാടിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
Staff Reporter