കേരളവര്‍മ്മയില്‍ കോളേജ് യൂണിയന്‍ റീകൗണ്ടിംഗ്; ചെയര്‍മാന്‍ സ്ഥാനാര്‍ഥികളുമായി ചര്‍ച്ച നടത്തി പ്രിന്‍സിപ്പല്‍

തൃശൂര്‍: കേരളവര്‍മ്മയില്‍ കോളേജ് യൂണിയന്‍ റീകൗണ്ടിംഗ് തീരുമാനിച്ച സാഹചര്യത്തില്‍ നാല് ചെയര്‍മാന്‍ സ്ഥാനാര്‍ഥികളും പ്രതിനിധീകരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയെന്ന് കേരള വര്‍മ്മ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.എ നാരായണന്‍. കോടതി ഉത്തരവ്, സാധു വോട്ട്, അസാധു വോട്ട് യൂണിവേഴ്‌സിറ്റി ചട്ടം എന്നതിനെ കുറിച്ച് അവരെ ബോധ്യപ്പെടുത്തിയെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.എ നാരായണന്‍ പറഞ്ഞു.

പ്രിന്‍സിപ്പലിന്റെ ചേമ്പറിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ പൂര്‍ണ്ണമായും ക്യാമറയില്‍ ചിത്രീകരിക്കും. പ്രിന്‍സിപ്പലിന്റെ മുറിയില്‍ വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ വൈദ്യുതി തടസ്സപ്പെട്ടാലും വെളിച്ചത്തിന് പ്രശ്‌നമുണ്ടാകില്ല. പുറമേനിന്ന് നിരീക്ഷകരെ ഏര്‍പ്പെടുത്തണമെന്ന് കോടതി അറിയിച്ചിട്ടില്ല. അതിനാല്‍ റിട്ടേണിംഗ് ഓഫീസറായ അധ്യാപകന്റെ നേതൃത്വത്തില്‍ തന്നെയായിരിക്കും കൗണ്ടിങ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കേരള വര്‍മ്മ കോളേജിലെ യൂണിയന്‍ റീ കൗണ്ടിങ് ഡിസംബര്‍ രണ്ടിന് ഒമ്പത് മണിക്ക് നടക്കും. വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കേരള വര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കി റീ കൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീ കൗണ്ടിങ് നടത്തുന്നത്. സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാണ് യോഗം പിരിഞ്ഞത്.

Top