ബഗോട്ട: കൊളംബിയയില്‍ സര്‍ക്കാറും മാര്‍ക്‌സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്‌സും (ഫാര്‍ക്) തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാറിന് ജനകീയ പിന്തുണ ലഭിച്ചില്ല.
സമാധാനക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച ഹിതപരിശോധനയില്‍ 49.2% പേര്‍ കരാറിനെ അനുകൂലിച്ചപ്പോള്‍ 50.2% എതിര്‍ക്കുന്നതായി വോട്ടു രേഖപ്പെടുത്തി. ജനവിധി അംഗീകരിച്ച കൊളംബിയന്‍ പ്രസിഡന്റ് ഹൊസെ മാനുവല്‍ സാന്റോസ് സമാധാനക്കരാര്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കി.
ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നാലു വര്‍ഷത്തോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ ആഗസ്റ്റ് 26നാണ് 52 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സര്‍ക്കാരും ഫാര്‍ക്ക് വിമതരും തമ്മില്‍ ധാരണയായത്. ചരിത്ര പ്രധാന നഗരമായ കാര്‍ട്ടജനയില്‍ വെച്ച് കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാന്വല്‍ സാന്‍േറാസും ഫാര്‍ക് നേതാവ് ടിമൊചെങ്കോയും കരാറില്‍ ഒപ്പിട്ടു. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഫാര്‍കിനെ ഭീകരസംഘടനകളുടെ പട്ടികയില്‍നിന്ന് നീക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ചടങ്ങിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചു. കരാര്‍പ്രകാരം, ഫാര്‍ക് വിമതര്‍ 180 ദിവസത്തിനകം തങ്ങളുടെ ആയുധങ്ങള്‍ യു.എന്നിന് കൈമാറണം. നിലവില്‍ കൊളംബിയയുടെ വനമേഖലകളില്‍ കഴിയുന്ന 7000ത്തോളം ഫാര്‍ക് വിമതര്‍ യു.എന്‍ നിയന്ത്രണത്തിലുള്ള നിരായുധീകരണ ക്യാംപിലേക്കു മാറും.
1957 ല്‍ കൊളംബിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗറില്ല വിഭാഗമായി രൂപം കൊണ്ടതാണു ഫാര്‍ക്. 2002ല്‍ അല്‍വാരോ ഉറിബെ പ്രസിഡന്റായിരിക്കെ യുഎസ് പിന്തുണയോടെ നടത്തിയ സൈനികനടപടികളില്‍ ഒട്ടേറെ നേതാക്കള്‍ കൊല്ലപ്പെട്ടതോടെ സംഘടന ക്ഷയിച്ചു. പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസ് പ്രതിരോധമന്ത്രിയായിരുന്ന 2006- 2009 കാലയളവിലും ഗറില്ലകള്‍ക്കു കനത്ത പരാജയം നേരിട്ടു. ഇതോടെ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലേക്കു വരാന്‍ സംഘടനയെ പ്രേരിപ്പിക്കുകയായിരുന്നു.
വിമതര്‍ സര്‍ക്കാറിനെതിരെ തുടങ്ങിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം പേരെയാണ് രാജ്യം കുരുതികൊടുത്തത്.