കൊളംബോ സ്‌ഫോടനം ; മരിച്ച കാസര്‍കോട് സ്വദേശിയുടെ സംസ്‌കാരം ശ്രീലങ്കയില്‍ നടത്തും

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ മരിച്ച കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്‌കാരം ശ്രീലങ്കയില്‍ തന്നെ മതിയെന്ന് ബന്ധുക്കള്‍ നിശ്ചയിക്കുകയായിരുന്നു.

ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ മരണം 215 ആയി. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതുകൊണ്ട് മരണസംഖ്യ ഉയരാനാണ് സാധ്യത. റസീനയെ കൂടാതെ ലക്ഷ്മി നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നീ ഇന്ത്യാക്കാരും ആക്രമണത്തില്‍ മരിച്ചിരുന്നു.

കൊളംബോയില്‍ എട്ടിടങ്ങളിലായിട്ടാണ് സ്‌ഫോടനമുണ്ടായത്. തെഹിവാലാ മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിലാണ് അവസാനത്തെ സ്‌ഫോടനം നടന്നത്. രാവിലെ ഉണ്ടായ ആറ് സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു.

സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ലങ്കന്‍ ഭരണകൂടത്തിന് കിട്ടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.പള്ളികള്‍ ലക്ഷ്യമിട്ട് ചാവേറാക്രമണം നടക്കുമെന്ന് വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് ശ്രീലങ്കയ്ക്കു റിപ്പോര്‍ട്ട് നല്‍കിയത്. എന്‍.ടി.ജെ എന്നറിയപ്പെടുന്ന നാഷണല്‍ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തില്‍ ചാവേറാക്രമണം നടക്കുമെന്നായിരുന്നു ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

Top