ചരക്ക് കപ്പൽ തീ പിടിത്തം ; കൊളംബോയിൽ ആസിഡ് മഴയ്ക്ക് സാധ്യത

കൊളംബോ: കൊളംബോയിൽ നേരിയ ആസിഡ് മഴയ്ക്ക് സാധ്യത.കഴിഞ്ഞ ആഴ്ച കൊളംബോ തീരത്തിന് സമീപം തീപിടുത്തം ഉണ്ടായ കപ്പലിൽ നിന്ന് വൻ തോതിൽ നൈട്രജൻ ഡയോക്‌സൈസ് പുറന്തള്ളപ്പെട്ടിരുന്നു. ഇതിനാലാണ് ആസിഡ് മഴ ഉണ്ടാകാനുള്ള സാധ്യത പ്രതീക്ഷിക്കുന്നത്. പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. ശ്രീലങ്കയിലെ മുൻനിര പരിസ്ഥിതി സംഘടനയുടേതാണ് മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാനും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സിംഗപ്പൂർ പതാകയുളള എംവി എക്‌സ് പ്രസ് പേൾ ചരക്കുമായി ഗുജറാത്തിൽ നിന്ന് കൊളംബോയിലേക്ക് വരികയായിരുന്നു. രാസവസ്തുക്കളും കോസ്‌മെറ്റിക് വസ്തുക്കളുടെ നിർമാണത്തിനുളള അസംസ്‌കൃത വസ്തുക്കളുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. കൊളംബോ തീരത്ത് നിന്ന് 9.5 നോട്ടിക് മൈൽ അകലെ വെച്ചാണ് കപ്പലിൽ തീപിടിത്തമുണ്ടായത്. മെയ് 20നാണ് കപ്പൽ ഇവിടെ നങ്കൂരമിട്ടത്.

325 മെട്രിക് ടൺ ഇന്ധനമാണ് ടാങ്കുകളിൽ ഉളളത്. ഇതിനുപുറമേ 1486 കണ്ടെയ്‌നറുകളിലായി 25 ടൺ അപകടകരമായ നൈട്രിക് ആസിഡുമുണ്ട്. കൊളംബോ തുറമുഖത്തേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 25 കപ്പൽ ജീവനക്കാരെ കപ്പലിൽ നിന്നും രക്ഷിച്ചിരുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നു.

Top