രണ്ടു വര്‍ഷത്തിനകം കുടല്‍ കാൻസറിന് വാക്‌സിന്‍; ബ്രിട്ടനിലെ ആശുപത്രിയിൽ ട്രയല്‍ ആരംഭിച്ചു

കുടലിലെ കാൻസറിന് ആദ്യത്തെ വാക്സിന്‍ ലഭ്യമാകാന്‍ ഇനി രണ്ട് വര്‍ഷം കൂടി കാത്തിരുന്നാല്‍ മതിയാകും. സര്‍ജറി ആവശ്യമായി വരുന്ന ഇത്തരം കാൻസറിന് വാക്സിന്‍ നല്‍കി പ്രതിരോധം നടത്താൻ കഴിയുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബ്രിട്ടനിലെ റോയൽ സറെ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ലോകത്തില്‍ ആദ്യമായി വാക്സിന്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. യുകെയിലും ഓസ്ട്രേലിയയിലുമുള്ള രോഗികള്‍ക്കാണ് പരീക്ഷണ അടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കുന്നത്. രണ്ട് ആഴ്ച വ്യത്യാസത്തില്‍ മൂന്ന് ഡോസുകളായി നല്‍കുന്ന വാക്സിന്‍ പ്രതിരോധ ശേഷിയെ പോരാടാന്‍ പരിശീലിപ്പിച്ച് കാൻസറിനെ തുരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് വിജയകരമായാല്‍ നിലവിലെ പതിവ് ചികിത്സാ രീതികള്‍ അവസാനിപ്പിക്കാന്‍ സാധിക്കും. വാക്സിന്‍ വിജയകരമായി മാറിയാല്‍ ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള കാൻസറിന്റെ തിരിച്ചുവരവ് തടയാനും സാധിക്കും. റോയല്‍ സറേയിലെ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ടോണി ധില്ലോണും അഡ്ലെയ്ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ടിം പ്രൈസും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ‘ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ കാൻസറിനുള്ള ആദ്യ ചികിത്സ വാക്സിനാണിത്. ഇത് വിജയകരമാകുമെന്നാണ് പ്രതീക്ഷ. ഈ വാക്സിന്‍ ഉപയോഗിക്കുന്ന നല്ലൊരു ശതമാനം രോഗികളും കാൻസറിൽ നിന്നും പൂര്‍ണ്ണമായി മുക്തി നേടുമെന്നാണ് കരുതുന്നത്’, ഡോ. ടോണി ധില്ലോണ്‍ വ്യക്തമാക്കി.

Top