മാലേഗാവ് സ്‌ഫോടന കേസ് പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിത് ജയില്‍ മോചിതനായി

ന്യൂഡല്‍ഹി: 2008ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ ലഫ്.കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് ജയില്‍ മോചിതനായി.

കഴിഞ്ഞ 9 വര്‍ഷമായി ജയിലിലായിരുന്ന ശ്രീകാന്ത് പുരോഹിതിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

നവി മുംബൈയിലെ തജോള ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പുരോഹിത് സൈനിക അകമ്പടിയോട് കൂടി കൊളംബോയിലെ സൈനികകേന്ദ്രത്തിലേക്കാണ് പോകുന്നത്.

എന്‍ഐഎയും ഭീകരവിരുദ്ധ സംഘവും സമര്‍പ്പിച്ച കുറ്റപത്രങ്ങളില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് നിരീക്ഷിച്ചാണ് പുരോഹിതിന് ജാമ്യം അനുവദിച്ചത്.

സൈന്യത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന പുരോഹിതിനെ 2008-ല്‍ മഹാരാഷ്ട്ര എടിഎസ്സാണ് അറസ്റ്റ് ചെയ്തത്‌. സൈന്യത്തില്‍ തിരിച്ചെത്തണമെന്ന് ചൊവ്വാഴ്ച പുരോഹിത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

തനിക്ക് സൈന്യത്തില്‍ വിശ്വാസമുണ്ടായിരുന്നെന്നും സൈന്യം തന്നെ കൈവിട്ടില്ലെന്നും പുരോഹിത് വ്യക്തമാക്കിയിരുന്നു.

തന്റെ വിഷമ സ്ഥിതികളിലെല്ലാം സൈന്യം തന്നോടൊപ്പമുണ്ടായിരുന്നു, കാന്‍ സൈന്യത്തില്‍ നിന്ന് പുറത്തായതായി തോന്നിക്കുന്ന ഒരു സന്ദര്‍ഭം പോലും ആരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും പുരോഹിത്ത് പറഞ്ഞിരുന്നു.

2008 സെപ്തംബര്‍ 29-ന് നാസികിലെ മാലെഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിനാവശ്യമായ ബോംബുകള്‍ പുരോഹിത് നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഇന്ത്യന്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആഴ്ന്നിറങ്ങിയ കാഴ്ചപാട് തിരുത്തിയ ഒന്നായിരുന്നു മാലേഗാവ് സ്‌ഫോടന കേസ്. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര എ.ടി.എസ് അന്വേഷിച്ച ഈ കേസിലൂടെയാണ് രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനത്തനങ്ങളില്‍ സംഘ് പരിവാര്‍ സംഘടനകള്‍ക്കുള്ള പങ്ക് വെളിപ്പെടുന്നത്.

തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള രാജ്യത്തെ രാഷ്ട്രീയ, സൈനിക, പൊലീസ്, ഇന്റലിജന്‍സ് മേഖലകളിലെ ഉന്നതരും സന്യാസിമാരും അടങ്ങിയ വലിയൊരു ശൃംഖലയിലേക്കാണ് അത് വെളിച്ചം വീശിയത്.

Top