ചെന്നൈ: തമിഴ്‌നാട്ടിലെ കട്ടലോര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ കയ്യില്‍ ജാതി ചിഹ്നങ്ങള്‍. പല വര്‍ണ്ണങ്ങളിലുള്ള ബാന്റുകളും പച്ച കുത്തലുകളുമാണ് ഇവര്‍ ജാതി ചിഹ്നങ്ങളായി ഉപയോഗിക്കുന്നത്.
പിന്നോക്ക വിഭാഗമായ വന്നിയാര്‍മാരാണ് ഈ ജില്ലകളില്‍ ഏറ്റവുമധികമുള്ളത്. പട്ടിക വിഭാഗത്തില്‍പ്പെടുന്നവരാണ് രണ്ടാമതായി ഇവിടെ ജനസംഖ്യയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ആകെ ജനസംഖ്യയുടെ 30 ശതമാനമാണ് ഇരുവിഭാഗവും കൂടിയുള്ളത്. എന്നാല്‍, ഇവരുടെ പരസ്പര കലഹങ്ങള്‍ ഇപ്പോള്‍ സ്‌കൂളുകളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. ഗ്രാമത്തിലെ കിണറുകള്‍ പോലും ജാതി തിരിച്ചാണ് ഉപയോഗിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചുവപ്പ്, നീല നിറങ്ങളില്‍ കൈ ബാന്റുകള്‍ ധരിക്കുന്ന കുട്ടികള്‍ ദളിത് വിഭാഗത്തില്‍പ്പെടുന്നതും മഞ്ഞ നിറം വന്നിയാര്‍മാരെയും സൂചിപ്പിക്കുന്നു. ഒരു നക്ഷത്രമോ മാങ്ങയോ പച്ചകുത്തിയിരിക്കുന്ന കുട്ടികള്‍ മറ്റൊരു പ്രത്യേക വിഭാഗത്തില്‍പ്പെടുന്നു.
കുട്ടികള്‍ക്കിടയില്‍ നടന്ന ചെറിയ ചെറിയ വഴക്കുകളാണ് ഇക്കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടു വന്നതെന്ന് ജില്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍ ജാതി പ്രശ്‌നം സര്‍വ്വസാധാരണമാണെന്നാണ് ഇവര്‍ പറയുന്നത്. കുട്ടികള്‍ മാത്രമല്ല, അദ്ധ്യാപകര്‍ പോലും താഴ്ന്ന ജാതിയിലുള്ള കുട്ടികളോട് മോശമായാണ് പെരുമാറുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി.
ജാതി പ്രശ്‌നങ്ങള്‍ സ്‌കൂളുകളില്‍ നിന്നും ഇല്ലാതാക്കുന്നതിനായി 17 കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സബ്കളക്ടര്‍ നിയമാവലി പുറത്തിറക്കിയിരുന്നു. പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളും സ്‌കൂളുകളില്‍ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും തന്നെ പാലിക്കപ്പെടുന്നില്ല.
ദളിത് വിദ്യാര്‍ത്ഥി സ്‌കൂള്‍ ശൗചാലയം ഉപയോഗിക്കുന്നത് വിലക്കിയ ഒരു അദ്ധ്യാപികയെ ഇവിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രക്ഷിതാക്കളും കുട്ടികളില്‍ ജാതി കുത്തിവയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് ദളിത് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെയും വാദം.
2015ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തിരുനെല്‍വേലിയിലെ സ്‌കൂളിലെ കുട്ടികള്‍ ജാതി തിരിച്ചറിയുന്നതിന് വേണ്ടി പ്രത്യേകം നിറങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.