ചണ്ഡീഗഡ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒപ്പം കൂടി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 50 ലക്ഷം രൂപയാണ് യുവി നല്‍കുന്നത്. കൊവിഡ് പ്രതിരോധത്തിനായി ആളുകള്‍ സാമൂഹിക ആകലം പാലിക്കേണ്ടതിന്റെയും കൈകള്‍ കഴുകേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും യുവി വീഡിയോ സന്ദേശത്തില്‍ പറയുന്നു.
‘ഗ്രൗണ്ടില്‍ നമ്മള്‍ ഇന്ത്യക്കായി എല്ലാം നല്‍കി. ഇപ്പോള്‍ ഡല്‍ഹി പൊലീസും കേന്ദ്ര സര്‍ക്കാരും കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ്. വീട്ടിലിരുന്നും 20 സെക്കന്‍ഡ് നേരം കൈകള്‍ കഴുകിയും സാമൂഹിക അകലം പാലിച്ചും നമ്മള്‍ക്കും ഈ യുദ്ധത്തില്‍ പങ്ക് ചേരാം. ഒരുമിച്ച് നിന്നാല്‍ തീര്‍ച്ചയായും നമുക്ക് ഈ യുദ്ധം ജയിക്കാനാവും.ഒരുമിച്ച് നിന്നാല്‍ നമ്മള്‍ കരുത്തരാകും. നിങ്ങള്‍ എന്നോടൊപ്പം ഉണ്ടാവുമോ. ഒരുമയുടെ ഈ ദിനത്തില്‍ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. നിങ്ങളും നിങ്ങളാലാവുന്നത് ചെയ്യുക’-യുവി പറയുന്നു.
നേരത്തെ കൊവിഡ് ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ഫൗണ്ടേഷന് സാമ്പത്തിക സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ ആരാധകര്‍ യുവിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാന്‍ പറയാതെ എന്തുകൊണ്ടാണ് യുവി, അഫ്രീദിയുടെ ഫൗണ്ടേഷന് പണം സംഭാവന നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എന്നായിരുന്നു ആരാധകര്‍ യുവിയോട് ചോദിക്കുന്നത്. എന്നാല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കണമെന്നൊരു സന്ദേശം എങ്ങനെയാണ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഉപയോഗിക്കാനാവുന്നത് എന്ന് തനിക്ക് മനസിലാവുന്നില്ലെന്നായിരുന്നു ഇതിന് യുവി നല്‍കിയ മറുപടി.
Thank you @YUVSTRONG12 for supporting our efforts to make the #Lockdown successful. #Stayhomestaysafe #SocialDistancing @PMOIndia @HMOIndia @LtGovDelhi @CPDelhi pic.twitter.com/c7Xy83znx7
— Delhi Police (@DelhiPolice) April 5, 2020