ചെന്നൈ: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ കുറ്റവിമുക്തരായ ശേഷം ചെന്നൈയിലെത്തിയ മുന്‍ ടെലികോം മന്ത്രി എ.രാജയ്ക്കും രാജ്യസഭാംഗം കനിമൊഴിക്കും വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി ഡി.എം.കെ പ്രവര്‍ത്തകര്‍.
വെള്ള ടീ ഷര്‍ട്ട് ധരിച്ച്, രാജയ്ക്കും കനിമൊഴിക്കും വേണ്ടി ഉറക്കെ മുദ്രാവാക്യം വിളിച്ച് നൂറു കണക്കിന് പ്രവര്‍ത്തകരാണ് വിമാനത്താവളത്തിന് പുറത്ത് ഇരുവരേയും കാത്തുനിന്നത്.
സ്വീകരണത്തിന്റെ ഭാഗമായി പരന്പരാഗത കലകളും അരങ്ങേറി.
വിമാനത്താവളത്തില്‍ നിന്ന് ഇരുവരും പോയത് ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ വീട്ടിലേക്കായിരുന്നു.
ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റും കനിമൊഴിയുടെ സഹോദരനുമായ എം.കെ.സ്റ്റാലിന്‍ നേതാക്കളെ സ്വീകരിച്ചു. പിന്നീട് കരുണാനിധിയുമായി ഇരുവരും സംസാരിച്ചു.
യു.പി.എ സര്‍ക്കാര്‍ കാലത്തെ 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ രാജ, കനിമൊഴി എന്നിവരടക്കമുള്ള മുഴുവന്‍ പ്രതികളെയും പ്രത്യേക സി.ബി.ഐ കോടതി ഈ മാസം 21ന് കുറ്റവിമുക്തരാക്കിയിരുന്നു.
കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും, തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.