ന്യൂഡല്‍ഹി: ഹാസ്യാവതാരകന്‍ വീര്‍ ദാസിന് അന്താരാഷ്ട്ര എമ്മി പുരസ്‌കാരം. ‘നെറ്റ്ഫ്‌ലിക്‌സി’ലൂടെ പുറത്തുവന്ന ‘വീര്‍ ദാസ്: ലാന്‍ഡിങ്’ എന്ന പരമ്പരക്കാണ് മികച്ച ഹാസ്യപരിപാടി വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക് സിറ്റിയില്‍ നടന്ന 51-ാമത് എമ്മി അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.
ഹാസ്യാവതരണത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വീര്‍ ദാസ്. ടെലിവിഷന്‍ മേഖലയിലെ സംഭാവനയ്ക്കു നല്‍കുന്ന അന്താരാഷ്ട്ര ബഹുമതിയാണ് എമ്മി. ബ്രിട്ടീഷ് ഹാസ്യപരമ്പര ‘ഡെറി ഗേള്‍സി’നൊപ്പമാണ് വീര്‍ ദാസ് ലാന്‍ഡിങ് അവാര്‍ഡ് പങ്കിട്ടത്.
സ്വപ്നതുല്യമായ സന്ദര്‍ഭമാണിതെന്ന് ദാസ് പറഞ്ഞു. ലോകതലത്തില്‍ പരിപാടി ശ്രദ്ധിക്കപ്പെട്ടതിന് ദാസ് ‘നെറ്റ്ഫ്‌ലിക്‌സി’നും നന്ദി പറഞ്ഞു. ‘ഗോ ഗോവ ഗോണ്‍’, ‘ഡല്‍ഹി ബെല്ലി’ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് ദാസ്.